സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍
ഖാര്‍ഗോണ്‍: സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ അറസ്റ്റ് ചെയ്തു. അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ചെയ്‌തെന്നാരോപിച്ച് മേധാ പട്കറെയും 350 തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തൊഴിലാളി സംഘടനയായ ജനതാ ശ്രമിക് സംഘടനയുടെ കീഴില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടി സമരം നടത്തിയെന്നും ഇതിന് ഐകൃദാര്‍ഡ്യം പ്രകടിപ്പിച്ച് വന്നതിനാലാണ് മേധാ പട്കറെയും അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസ് പറയുന്നത്.
അതേസമയം പുതിയൊരു ബിസിനസ് ഗ്രൂപ്പിന് തുണി മില്ല് വില്‍ക്കുകയും അവിടെ അതുവരെ ജോലി ചെയ്ത തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുകയും ചെയ്തതിനാലാണ് സമരം നടത്തിയതെന്നാണ് സമരക്കാര്‍ പറയുന്നത്.
അറസ്റ്റിലായ മേധാ പട്കര്‍ ജാമ്യ ബോണ്ട് പൂരിപ്പിക്കാത്തതിനാല്‍ നര്‍മ്മദ താഴ്വരയിലെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചതായും മറ്റുള്ളവരെ ഐ.ടി.ഐ കാസ്രവാഡിലും ഗേള്‍സ് ഹോസ്റ്റലിലും താമസിപ്പിച്ചതായും പോലീസ് പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ വിട്ടയക്കുമെന്നും എസ്.പി അറിയിച്ചു.