Kerala NewsLatest NewsNationalPolitics

സിമി പുതിയ പേരില്‍ തിരിച്ചെത്തുമെന്ന് സൂചന

കൊച്ചി: വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്നു തുടങ്ങാന്‍ രൂപീകരിച്ച സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) മറ്റൊരു രൂപത്തില്‍ തിരിച്ചെത്തുമെന്ന് ഇന്റലിന്‍ജന്‍സിന് സൂചന. നിരോധിത സംഘടനയായ സിമിയുടെ മുന്‍ ഭാരവാഹികളുടെയും അനുയായികളുടെയും രഹസ്യയോഗം വടക്കന്‍ മലബാറിലെ ഒരു റിസോര്‍ട്ടില്‍ നടന്നതായാണ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്.

മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ.ടി. ജലീല്‍ രാഷ്ട്രീയത്തിലേക്കെത്തിയത് സിമിയിലൂടെയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നിരോധിക്കപ്പെട്ട സിമിയുടെ പ്രവര്‍ത്തനം ഇനിയും നിലച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. മതമൗലിക സംഘടനകളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ രഹസ്യയോഗത്തില്‍ ധാരണയായതായി ഇന്റലിജന്‍സ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളാണ് ക്യാമ്പ് നയിച്ചിരിക്കുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ മതമൗലികവാദികളും കേഡര്‍ സ്വഭാവമുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. മൂന്നു വനിതകളും യോഗത്തില്‍ സംബന്ധിച്ചിരുന്നു. സംഘടനാപരമായ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരീശ്വരവാദം മുസ്ലീം യുവതയില്‍ ഭീതിദമായ രീതിയില്‍ പടര്‍ന്നുപിടിക്കുകയാണെന്ന വിലയിരുത്തലും യോഗത്തില്‍ ഉണ്ടായി. അതിനാല്‍ യുവാക്കളെ സംഘടനയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുള്ള കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

സംഘടനയുടെ തീവ്രസ്വഭാവം വെളിപ്പെടുത്താത്ത രീതിയില്‍ പ്രവര്‍ത്തന രീതി ചിട്ടപ്പെടുത്തണം. സംഘടനയുടെ രഹസ്യസ്വഭാവവും തീവ്രവാദ നിലപാടുകളും നിലനിര്‍ത്തി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് യോഗത്തിലെ തീരുമാനം.

അനുഭാവികളുടെ രഹസ്യയോഗങ്ങള്‍ നടത്തി അണികളെ സൃഷ്ടിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. മാത്രമല്ല സംഘടനയുടെ പ്രവര്‍ത്തനരീതിയും സ്വഭാവവും പൂര്‍ണമായും മനസിലാക്കുന്നവരെയാകണം നേതൃത്വത്തില്‍ കൊണ്ടുവരേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരു യോഗം നടന്നതിനെ വളരെ ഗൗരവമായാണ് ഇന്റലിജന്‍സ് കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button