കൊറോണ ബാധിച്ച രോഗിക്ക് വെള്ളം നൽകിയില്ല, ലൈംഗികാതിക്രമം; ഗുരുതര ആരോപണങ്ങളുമായി ബിഹാറിലെ ആശുപത്രികൾക്കെതിരെ സ്ത്രീ രംഗത്ത്
പാറ്റ്ന: കൊറോണ വൈറസ് ബാധിച്ച ഭർത്താവിന് ആശുപത്രികളിൽനിന്ന് ലഭിച്ചത് അവഗണനയെന്ന് സ്ത്രീ. ബിഹാറിലെ ഭഗൽപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർത്താവിന് വെള്ളം പോലും നൽകിയില്ലെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും തനിക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്നുമാണ് സ്ത്രീയുടെ പരാതി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് തന്റെ ഭർത്താവിന്റെ മരണത്തിന് കാരണമെന്നും സ്ത്രീ ആരോപിച്ചതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.
”മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും ഒരു ആശുപത്രിയിലെ ഡോക്ടർമാർ പോലും അദ്ദേഹത്തെ ചികിത്സിക്കാൻ തയ്യാറായില്ല. അദ്ദേഹം കിടന്നിരുന്ന വൃത്തിഹീനമായ ബെഡ് ഷീറ്റ് മാറ്റാൻ പോലും അവർ തയ്യാറായില്ല. ഞാനും ഭർത്താവും നോയിഡയിലാണ് താമസം. ഹോളിക്കായി ബിഹാറിലെത്തിയതാണ്. ഏപ്രിൽ 9ന് അദ്ദേഹത്തിന് വയ്യാതായി. നല്ല പനി ഉണ്ടായിരുന്നു. രണ്ട് വട്ടം കൊറോണ പരിശോധന നടത്തി. ഞാൻ നെഗറ്റീവായി. ആർടിപിസിആർ പരിശോധനാ ഫലം കാത്തിരിക്കെ നോയിഡയിലെ ഒരു ഡോക്ടർ സിടി സ്കാൻ എടുക്കാൻ ആവശ്യപ്പെട്ടു.
ശ്വാസകോശത്തിന് 60 ശതമാനം അണുബാധയുണ്ടെന്ന് പരിശോധനാ ഫലത്തിൽ കണ്ടു. തുടർന്ന് ഭർത്താവിനെയും അദ്ദേഹത്തിന്റെ അമ്മയെയും ഭാഗൽപൂരിലെ ഗ്ലോക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെന്ന് മുതൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയായിരുന്നു. ഭർത്താവിന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. അദ്ദേഹം വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. എന്നിട്ടും വെള്ളം നൽകിയില്ലെന്നും അവർ പറയുന്നു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ആശുപത്രിയിൽ നിന്ന് ഈ ജീവനക്കാരനെ സസ്പെന്റ് ചെയ്തു. മറ്റ് ആശുപത്രികളിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും അവർ പറഞ്ഞു. മുമ്പ് ചികിത്സിച്ച പാറ്റ്നയിലെ ആശുപത്രിയിൽ ഡോക്ടർമാർ പരിശോധിക്കാൻ പോലും തയ്യാറായിരുന്നില്ല. മറ്റൊന്നിൽ ഓക്സിജൻ സപ്ലൈ നിർത്തിവച്ചതിനെ തുടർന്ന് കരിഞ്ചന്തയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ വാങ്ങിയാണ് ഭർത്താവിന് നൽകിയതെന്നും ഇവർ പറഞ്ഞു.