ഡല്‍ഹി: യുവതിയും മൂന്ന് മക്കളും വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. രേഖ റാത്തോഡ്(35), മക്കളായ വാന്‍ഷ്(14), പരാഷ്(11), മഹി(എട്ട്) എന്നിവരെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ രേഖ റാത്തോഡ് വിവാഹമോചിതയാണ്. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട അയല്‍ക്കാരന്‍ സംശയം തോന്നി പോലീസിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ നിലത്താണ് കിടന്നിരുന്നത്. രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും കണ്ടെത്തി.
നാലു പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ബലപ്രയോഗം നടത്താതെയാണ് അക്രമി വീട്ടിനുള്ളില്‍ പ്രവേശിച്ചിരിക്കുന്നതെന്നും അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഭര്‍ത്താവ് കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായി രേഖ സഹോദരിയോട് പറഞ്ഞിരുന്നു. രേഖയുടെ മുന്‍ഭര്‍ത്താവായ സുനില്‍ റാത്തോഡാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍ റാത്തോഡിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.