ട്രെയിനിൽ നിന്നും പിടികൂടിയ സ്ഫോടക വസ്തുക്കൾ കിണർ പണിക്കുള്ളതെന്ന് പിടിയിലായ സ്ത്രീ

കോഴിക്കോട്: കിണർ പണിക്കുള്ളതാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയ സ്ഫോടക വസ്തുക്കളെന്ന് സിആർപിഎഫ് കസ്റ്റഡിയിൽ എടുത്ത ചെന്നൈ സ്വദേശിനി. ചെന്നൈയിൽ നിന്നും തലശേരിക്ക് പോവുകയായിരുന്ന ഇവർ ഇരുന്ന സീറ്റിന് താഴെ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സ്ഫോടക വസ്തുകൾ പിടികൂടിയത്.
ബാഗിൽ നിന്ന് 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വൺ കംപാർട്ട്മെന്റിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് പാലക്കാട് ആർ.പി.എഫ് സ്പെഷൽ സ്ക്വാഡാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.
രമണിയെ ആർ.പി.എഫും പൊലീസും സ്പെഷൽ ബ്രാഞ്ചും ചോദ്യം ചെയ്തു. രമണി ഇരുന്നിരുന്ന സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. താൻ തന്നെയാണ് കൊണ്ടുവന്നതെന്ന് ഇവർ സമ്മതിച്ചു. എന്നാൽ ഇവരുടെ വിശദീകരണം പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.