മാനസിക വെല്ലുവിളിയുള്ള മകനുമായി 13-ാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

മാനസിക വെല്ലുവിളിയുള്ള മകനുമായി 13-ാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. ന്യൂറോഡെവലപ്പ്മെന്റൽ ഡിസോർഡറിന് ചികിത്സയിലായിരുന്ന മകൻ കഴിഞ്ഞ പത്ത് വർഷമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്നു. ഇതിന്റെ സമ്മർദ്ദം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.
37 കാരിയായ സാക്ഷി അഗർവാൾ, ചാർട്ടേഡ് അക്കൗണ്ടന്റായ ഭർത്താവ് ദർപൺ ചാവ്ല, 11 കാരനായ മകൻ ദക്ഷ് എന്നിവരോടൊപ്പം ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിലായിരുന്നു താമസം. സംഭവം നടന്ന സമയത്ത് ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും, മറ്റൊരു മുറിയിലായിരുന്നു. നിലവിളി കേട്ടെത്തിയപ്പോഴാണ് സംഭവവിവരം മനസ്സിലായതെന്ന്അദ്ദേഹം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
“ഈ ലോകത്ത് നിന്ന് ഞങ്ങൾ പോകുന്നു, ക്ഷമിക്കണം. നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തിൽ ആരും ഉത്തരവാദികളല്ല” — എന്നാണ് അവർ വിടവാങ്ങൽ കുറിപ്പിൽ എഴുതിയിരുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അമ്മയും മകനും ഇങ്ങനെ അപ്രതീക്ഷിതമായി മരണമടഞ്ഞത് അയൽക്കാരെ കടുത്ത ഞെട്ടലിലാക്കി.
Tag: Woman commits suicide by jumping from 13th floor with mentally challenged son