പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർത്തൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർത്തൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാവുപള്ളിയാപുരം തോണിപ്പാടം സ്വദേശി പ്രദീപിന്റെ ഭാര്യയായ 24കാരി നേഖയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആലത്തൂരിലെ വീട്ടിലെ കിടപ്പുമുറിയിൽ നേഹയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഭർത്താവ് പ്രദീപിനെ ആലത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയായ മുൻ സൈനികനായ സുബ്രഹ്മണ്യന്റെ മകളാണ് നേഖ.
മക്കളില്ലാത്ത പ്രദീപ്–നേഖ ദമ്പതികൾക്ക് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് വിവാഹം കഴിഞ്ഞത്. നേഹയെ നേരത്തെയും ഭർത്താവ് മർദിച്ചതായും പലതവണ മാനസികമായി ഉപദ്രവിച്ചതായും മാതാവ് ജയന്തി മാധ്യമങ്ങളോട് പറഞ്ഞു. “മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മകളെ കൊലപ്പെടുത്തി,” എന്നായിരുന്നു ജയന്തിയുടെ ആരോപണം.
മരിക്കുന്നതിനു മുൻപത്തെ ദിവസം രാത്രി ഫോണിൽ സംസാരിച്ച നേഹ “നാളെ വിളിക്കാം” എന്നായിരുന്നു അവസാനമായി വീട്ടുകാരോട് പറഞ്ഞത്. എന്നാൽ രാത്രിയോടെ ഭർത്താവ് തന്നെ വിളിച്ച് മരിച്ചുവെന്ന് അറിയിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ നേഹയുടെ സ്വർണാഭരണങ്ങൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഭർത്താവിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അവർ അറിയിച്ചു.
Tag: Woman found dead under mysterious circumstances at husband’s house in Alathur, Palakkad