കണ്ണൂരിൽ യുവതി പുഴയിൽ ചാടിമരിച്ച സംഭവം; നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ
കണ്ണൂരിൽ യുവതി പുഴയിൽ ചാടിമരിച്ച സംഭവത്തിൽ ഭർത്താവിനെയും അമ്മയെയും ആരോപിച്ച ആത്മഹത്യാക്കുറിപ്പ് പുറത്ത്. വേങ്ങര സ്വദേശിനിയായ റീമ എഴുതിയ കുറിപ്പിൽ, തന്റെ മരണത്തിനും രണ്ടര വയസ്സുള്ള മകൻ കൃശിവിന്റെ മരണത്തിനും ഉത്തരവാദികൾ ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്നാണ് എഴുതിയിട്ടുള്ളത്.
ഭർത്താവിന്റെ അമ്മയുടെ നിർദേശപ്രകാരം തന്നെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. കുട്ടിക്കു വേണ്ടി താൻ ജീവൻ നൽകണമെന്ന് അമ്മ പറഞ്ഞതായും കുറിപ്പിൽ റീമ പറയുന്നു. ഭർത്താവിന്റെ അമ്മ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിലുണ്ട്.
നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്നും, സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെന്നും റീമ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെയാണ് റീമ മകനുമായി കണ്ണൂരിലെ ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. സ്കൂട്ടറിൽ എത്തിയ ശേഷം പുഴയിലേയ്ക്ക് ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹം പിന്നീട് ഫയർഫോഴ്സിന്റെയും സന്നദ്ധപ്രവർത്തകരുടെയും സംയുക്ത തെരച്ചിലിലാണ് കണ്ടെത്തിയത്. മകൻ കൃശിവിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ പൂര്‍ത്തിയായതായി കുടുംബം അറിയിച്ചു.
Tag: Woman jumps into river in Kannur; Suicide note says she has no faith in legal system