കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെ സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തി
കണ്ണൂര്‍ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ 23 കാരി പ്രവീണ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു ജീവൻ നഷ്ടമായത്. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് (26) തന്നെയാണ് ആക്രമണം നടത്തിയത്. സംഭവത്തിനിടെ ഇയാൾക്കും 50 ശതമാനം പൊള്ളലേറ്റു. ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവസമയത്ത് പ്രവീണയും പിതാവുമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വെള്ളം ചോദിച്ച് വീട്ടിൽ കയറിയ ശേഷം ജിജേഷ് പ്രവീണയെ വീടിന്റെ പിൻഭാഗത്തെ വർക്ക് ഏരിയയിൽ തീകൊളുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നിലവിളി കേട്ട് എത്തിയ അയൽവാസികൾ തീയണച്ചെങ്കിലും, യുവതിയെ രക്ഷിക്കാനായില്ല.
ഉരുവച്ചാലിൽ നിന്ന് 17 കിലോമീറ്റർ ദൂരെയുള്ള പെരുവളത്തുപറമ്പിൽ നിന്നാണ് ജിജേഷ് ബൈക്കിൽ എത്തി ആക്രമണം നടത്തിയത്. പ്രവീണയും ജിജേഷും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്നും, ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും വിവരം. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ആസൂത്രിത കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു.
Tag: Woman set on fire by friend in Kuttiyattur, Kannur