ഹോസ്റ്റലിൽ യുവതികളുടെ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തി പണം ചോദിച്ച് ഭീഷണി; കിട്ടാതെ വന്നതോടെ അശ്ലീല സൈറ്റിലിട്ടു
മംഗളൂരുവിലെ ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ ദൃശ്യങ്ങളാണ് 26കാരിയായ നിരീക്ഷ പകർത്തിയത്.

മംഗലാപുരം: സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ചിക്കമംഗളൂരു സ്വദേശിനി പിടിയിൽ. മംഗളൂരുവിലെ ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ ദൃശ്യങ്ങളാണ് 26കാരിയായ നിരീക്ഷ പകർത്തിയത്. നഗ്ന ദൃശ്യങ്ങൾ കാണിച്ച് യുവതികളോട് ഇവർ പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് നിരീക്ഷ.
ഉഡുപ്പിയിൽ അഭിഷേക് ആചാര്യ എന്നയാളുടെ മരണത്തിന് കാരണമായ ഹണിട്രാപ്പിലും നിരീക്ഷയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. യുവാവിന്റെ ആത്മഹത്യാ കുറിപ്പിൽ നിരീക്ഷയുടെ പേര് പരാമർശിക്കുന്നതായി പൊലീസ് വ്യക്തമാക്കി. തനിക്കൊപ്പമുള്ള ദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചെന്നും പണം നൽകിയില്ലെങ്കിൽ അവ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് കത്തിൽ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചെന്ന് മംഗളൂരുവിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവതികളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത നിരീക്ഷയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. നിരീക്ഷ ചിത്രീകരിച്ച ഫോട്ടോകളും വീഡിയോകളും സ്‌ക്രീൻഷോട്ടുകളും പങ്കുവെക്കുന്ന വ്യക്തികളെയും അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
tag: Woman threatens to take pictures of women changing clothes When I couldn’t find it, I put it on a site