ഗൈനക്കോളജി ഒ.പിയിൽ നിന്ന് അർദ്ധരാത്രിയിൽ സ്ത്രീയുടെ നിലവിളി, പ്രേതമെന്നു ഭയന്ന് ജീവനക്കാർ.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി ഒ.പിയിൽ നിന്ന് രാത്രിയായാൽ ഒരു സ്ത്രീയുടെ നിലവിളി കേൾക്കുന്നതായി ജീവനക്കാർ. അർധരാത്രിയിൽ കേൾക്കുന്ന സ്ത്രീയുടെ നിലവിളി ജീവനക്കാർ അടക്കമുള്ളവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. അജ്ഞാതയായ സ്ത്രീയുടെ ശബ്ദം പ്രേതത്തിന്റെയാണോ എന്നാണ് വനിതാ ജീവനക്കാർ സംശയിക്കുന്നത്. ‘പെട്ടെന്ന് എന്നെ രക്ഷിക്കണേ’ എന്ന ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് കെട്ടിടത്തിലെ ജീവനക്കാരും മറ്റുള്ളവരും ഉണർന്നുവങ്കിലും ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പോകാൻ ധൈര്യപ്പെട്ടില്ല.
ഗൈനക്കോളജി ഒ.പിയിൽ നിന്നാണത്ര അർദ്ധരാത്രിയിൽ സ്ത്രീയുടെ നിലവിളി കേൾക്കുന്നത്. പലരും ഈ ശബ്ദം കേട്ടുവെങ്കിലും എവിടെ നിന്നാണ് ഇതു വരുന്നതെന്ന കാര്യം മാത്രം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലതവണ കേട്ട നിലവിളി സംഭവം ആവർത്തിക്കുന്നപെടുന്ന സാഹചര്യത്തിൽ ഇതേപ്പറ്റി അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് ആശുപത്രി അധികൃതർ.
രാത്രിയിൽ പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് ഗൈനക്കോളജി ഒ.പിയിൽ നിന്ന് ശബ്ദം കേൾക്കുക. രണ്ടുതവണയാണ് ശബ്ദം കേട്ടതെന്ന് ജീവനക്കാർ പറയുന്നു. ഞായറാഴ്ച വൈകിട്ട് ഒ.പി പൂട്ടാൻ ചെന്ന സുരക്ഷാ ജീവനക്കാരി പത്തു മിനിട്ട് ശ്രമിച്ചെങ്കിലും വാതിൽ പൂട്ടാൻ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. ഏറെ പണിപ്പെട്ടാണ് അവർ വാതിൽ പൂട്ടിയതത്ര. ഇതോടെ ഭയന്നുപോയ ജീവനക്കാരി ഇനി മുതൽ ആ ഭാഗത്തേക്ക് മുറികൾ പൂട്ടാൻ പോകില്ല എന്നും അതിനു സമീപത്തായുള്ള വിശ്രമമുറിയിൽ രാത്രിയിൽ പോകില്ലെന്നും അധികൃതരെ അറിയിച്ചിരിക്കുകയാണ്. സംഭവം അന്വേഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് ആശുപത്രി അധികൃതർ.