കാര്‍ ഓടിക്കുന്നതിനിടെ കോവിഡ് പോസിറ്റിവാണെന്ന സന്ദേശമെത്തി, ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകാര്‍ തയ്യാറായില്ല
കടയ്ക്കല്‍: കോവിഡ് സ്ഥിരീകരിച്ചതായി ഫോണിലൂടെ അറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാവിലെ പത്തരയോടെ കോവിഡ് പരിശോധനയ്ക്ക് ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ പോയി മടങ്ങുകയായിരുന്ന യുവതി കടയ്ക്കല്‍ കുറ്റിക്കാട് പോങ്ങുമല റോഡിലെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചെന്ന സന്ദേശം ലഭിച്ചത്.
വിവരം അറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതിയുടെ കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. അതേസമയം, തല കീഴായി മറിഞ്ഞ കാറില്‍ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും യുവതി കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല.
അതേസമയം, അഗ്നിശമന സേന പിപിഇ കിറ്റ് നല്കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് പിന്മാറി. അഗ്നിശമനസേന ഓഫിസര്‍ ആംബുലന്‍സ് സര്‍വീസിന്റെ കണ്ട്രോള് റൂമില്‍ വിളിച്ചെങ്കിലും കോവിഡ് രോഗിയായതുകൊണ്ട് ആംബുലന്‍സ് വിടാന്‍ തയ്യാറായില്ല. യുവതിയുടെ മുഖത്തു നിസ്സാര പരുക്കേട്ടതുകൊണ്ട് വീട്ടിലാക്കിയാല്‍ മതിയെന്നു യുവതി പറഞ്ഞതനുസരിച്ചു കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്കു മുന്നിലെ സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു. ഇതേതുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറില്‍ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.