Latest NewsNational

‘ചികിത്സിക്കണം സര്‍, അവള്‍ മരിച്ചുപോകും’; ഡെങ്കിബാധിച്ച സഹോദരിയെ രക്ഷിക്കാന്‍ കേണപേക്ഷിച്ച് യുവതി

ലഖ്നൗ: സഹോദരിക്ക് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ അലമുറയിട്ട് യുവതി. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള സഹോദരിക്ക് ചികിത്സ നൽകണമെന്നാവശ്യപ്പെടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവതി ഡിവിഷണൽ കമ്മീഷണറുടെ വാഹനം തടഞ്ഞത്.

നികിത കുശ്വാഹ എന്ന സ്ത്രീയാണ് ഡിവിഷണൽ കമ്മീഷണറായ അമിത് ഗുപ്തയുടെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ നിന്ന് സഹോദരിക്ക് ചികിത്സ നൽകണമെന്ന് ആവശ്യപ്പെടുന്നത്. ‘എന്തെങ്കിലും ചെയ്യൂ സാർ, അല്ലെങ്കിൽ അവൾ മരിച്ചുപോകും. അവൾക്ക് ചികിത്സ നൽകൂ’ എന്ന് യുവതി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. സഹോദരിക്ക് നല്ല ചികിത്സ ലഭിക്കുന്നില്ലെന്നും സർക്കാർ ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്നുമാണ് യുവതി പറയുന്നത്.

സഹോദരിക്ക് ശരിയായ ചികിത്സ നൽകുമെന്ന് ഉറപ്പ് നൽകാതെ നിങ്ങൾ പോകില്ലെന്ന് ആക്രോശിച്ച് കാറിന് മുന്നിൽ റോഡിൽ കിടന്ന് അലമുറയിടുന്നത് വീഡിയോയിൽ കാണാം. പോലീസ് അവരെ തടയാനും വഴിയിൽ നിന്ന് മാറ്റാനും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

എന്നാൽ യുവതിയുടെ അഭ്യർഥന ഫലം കാണുന്നതിന് മുൻപ് ഡെങ്കിപ്പനി മൂർച്ഛിച്ച് പതിനൊന്ന് വയസ്സുകാരിയായ സഹോദരി മരണപ്പെട്ടുവെന്ന വിവരംവന്നു. ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടർമാരുടെ പിഴവാണ് രോഗം മൂർച്ഛിക്കാൻ കാരണമായതെന്നുമാണ് നികിത ആരോപിക്കുന്നത്. ഡോക്ടർമാരെ സസ്പെൻഡ് ചെയ്യണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

അതേസമയം, രോഗം ബാധിച്ച പെൺകുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. വളരെ സങ്കീർണമായ കേസ് ആയിരുന്നു പെൺകുട്ടിയുടേത്. ആന്തരികാവയവങ്ങളെ രോഗം സാരമായി ബാധിച്ചിരുന്നു. കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല- ഫിറോസാബാദ് സർക്കാർ ആശുപത്രി പ്രിൻസിപ്പൽ ഡോ. സംഗീത അനേജ പറഞ്ഞു.

ഡെങ്കിപ്പനി ഗുരുതരാമായി രോഗികൾ മരണപ്പെടുന്ന ഒന്നിലധികം കേസുകൾ നേരത്തേയും ഫിറോസാബാദ് ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button