വീട്ടിലേക്ക് ടോര്‍ച്ച് തെളിച്ചതിന് അയല്‍ക്കാരന്റെ ജീവനെടുത്തു; പ്രതിക്ക് ജീവപര്യന്തം തടവ്
വീട്ടിലേക്ക് ടോര്‍ച്ച് തെളിച്ചെന്ന് ആരോപിച്ച് അയല്‍ക്കാരനെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി കോടതി. കൊട്ടാരക്കര പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ പ്രത്യേക കോടതി ജഡ്ജി ഹരി ആര്‍. ചന്ദ്രനാണ് ശിക്ഷ വിധിച്ചത്. കടയ്ക്കല്‍ ചിതറ ചിറവൂര്‍ തടത്തിവിള വീട്ടില്‍ അബ്ദുള്‍ റഹ്‌മാനെയാണ് കോടതി ശിക്ഷിച്ചത്. ചിതറ ചിറവൂര്‍ മുനിയിരുന്ന കാലയില്‍ തോട്ടിന്‍കര വീട്ടില്‍ അശോക് കുമാറിനെയാണ് കൊലപ്പെടുത്തിയത്.
2017 ഏപ്രില്‍ 23-ന് രാത്രി 9.30-നായിരുന്നു സംഭവം. പ്രതിയും അശോക്കുമാറിന്റെ വീട്ടുകാരും വസ്തുവിന്റെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഏറെക്കാലമായി വൈരാഗ്യത്തിലായിരുന്നു. സംഭവ ദിവസം രാത്രി വീട്ടിലേക്ക് ടോര്‍ച്ച് തെളിച്ചെന്ന് ആരോപിച്ചാണ് അബ്ദുള്‍ റഹ്‌മാന്‍ കൊടുവാള്‍ ഉപയോഗിച്ച് അശോക് കുമാറിനെ ആക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലും നെഞ്ചിലും കൈകളിലും വെട്ടേറ്റ അശോക് കുമാര്‍ തല്‍ക്ഷണം മരിച്ചു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച കടയ്ക്കല്‍ പോലീസ് വൈകാതെ പ്രതിയെ പിടികൂടുകയും ചെയ്തു. കേസില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തത് പ്രോസിക്യൂഷന് വെല്ലുവിളിയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങളാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി. എസ്. സന്തോഷ്‌കുമാര്‍ ഹാജരായി.