ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ചക്രസ്തംഭന സമരം
രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഈ മാസം ഇന്നലെ വരെ സംസ്ഥാനത്ത് പതിനൊന്നാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്. ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തൊട്ടാകെ ചക്രസ്തംഭന സമരം നടക്കും. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുക.
ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി രാവിലെ 11 മണിമുതല്‍ 11.15 വരെയുള്ള സമയം സംസ്ഥാനത്ത് നിരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. ആ സമയത്ത് എവിടെയാണോ വാഹനമുള്ളത് അവിടെ 15 മിനിറ്റ് നേരം വാഹനം നിശ്ചലമാക്കി നിര്‍ത്തുന്നതാണ് സമരം.
ആ സമയം നിരത്തിലെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടാന്‍ തന്നെയാണ് തീരുമാനം. സമരത്തില്‍ പങ്കെടുക്കുമെന്ന് ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം സമരത്തില്‍ സ്വകാര്യ, ഇരുചക്ര വാഹനങ്ങളും പങ്കെടുക്കും. അതേസമയം, ആംബുലന്‍സിന് യാത്രാസൗകര്യം വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തും. ഇന്ധനവില ഇപ്പോള്‍ തന്നെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തിന്റെ നട്ടെല്ല് ഓടിച്ചതായാണ് പരാതി ഉയരുന്നത്.