Kerala NewsLatest News

ഫ്ലാറ്റില്‍ അടച്ചിട്ട് മൂത്രം കുടിപ്പിച്ചു, കണ്ണില്‍ മുളക് വെള്ളം ഒഴിച്ചു: കൊച്ചിയില്‍ യുവതിയ്ക്ക് നേരെ കാമുകന്റെ ക്രൂരത

കൊച്ചി: ഇരുപത്തേഴുകാരിയെ കാമുകന്‍ ദിവസങ്ങളോളം തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കി. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ യുവതി രക്ഷപ്പെട്ടത് കാമുകന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ തക്കത്തിന്. യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

യുവതി എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. പിന്നീട് രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ മാര്‍ട്ടിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. അതിനു ശേഷമാണ് യുവതിയെ ക്രൂരപീഡനത്തിന് മാര്‍ട്ടിന്‍ ഇരയാക്കാന്‍ തുടങ്ങിയത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇതിനിടെ ഇയാള്‍ പകര്‍ത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.

കണ്ണില്‍ മുളക് വെള്ളം ഒഴിച്ചും മൂത്രം കുടിപ്പിച്ചും മര്‍ദ്ദിച്ചുമെല്ലാം ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഏപ്രില്‍ എട്ടിന് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ യുവതി ഫ്ലാറ്റില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി. മാ‌ര്‍ട്ടിനെ ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.

എന്നാല്‍ പരാതി ലഭിച്ചയുടന്‍ മാര്‍ട്ടിനെ അന്വേഷിച്ച്‌ മറൈന്‍ഡ്രൈവിലെ ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ നിന്ന് കടന്നിരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. പിന്നീട് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചയോളം പൊലീസ് തൃശൂരില്‍ മാര്‍ട്ടിനു വേണ്ടി കാത്തിരുന്നു. പക്ഷെ മാര്‍ട്ടിനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button