CinemaLatest News

ലൈംഗിക പീഡനം; പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്

മുംബൈ: പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാക്കി ഉള്‍പ്പെടെ ബോളിവുഡിലെ അറിയപ്പെടുന്ന ഒന്‍പത് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡ് ഫോട്ടോഗ്രാഫര്‍ കോള്‍സ്റ്റണ്‍ ജൂലിയന്‍, നിര്‍മ്മാണ കമ്ബനിയായ ടീ സീരിസിലെ കിഷന്‍ കുമാര്‍, ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് കമ്ബനി സഹ ഉടമ അനിര്‍ബന്‍ ദാസ്, നിഖില്‍ കാമത്, ഷീല്‍ ഗുപ്ത, അജിത് ഥാക്കുര്‍, ഗുരുജ്യോത് സിംഗ്, വിഷ്ണു വര്‍ധന്‍ ഇന്ദുരി എന്നിവരാണ് എഫ്ഐആറില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. ബോളിവുഡ് താരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല. പരാതിയില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

2015 മുതല്‍ പലവിധത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നാണ് ഗാനരചയിതാവ് കൂടിയായ പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയില്‍ വച്ചാണ് ജാക്കി ഭഗ്‌നാനി പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സാന്താക്രൂസിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചാണ് നിഖില്‍ കാമത്ത് ഉപദ്രവിച്ചത്. ഫോട്ടോഗ്രാഫറായ കോള്‍സ്റ്റണ്‍ ജൂലിയന്‍, 2014 നും 2018 നും ഇടയ്ക്ക് പലതവണ ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ‘കേസ് അന്വേഷിച്ച് വരികയാണ്. ആരോപണവിധേയരെ ഉടന്‍ തന്നെ ചോദ്യം ചെയ്യും. നിലവില്‍ ബലാത്സംഗക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്’ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button