Latest NewsNationalNewsSports

ഹോക്കിയിൽ ചരിത്രം കുറിച്ച് വനിതകളും സെമിയില്‍

ടോക്കിയോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീമും ഒളിമ്ബിക്‌സ് ഹോക്കിയുടെ സെമിഫൈനലില്‍ കടന്നു. കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. നേരത്തെ 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ പുരുഷ ടീമും ഒളിമ്ബിക്‌സിന്റെ സെമിയില്‍ കടന്നിരുന്നു. രണ്ടു ടീമിനും ഒരു വിജയം അകലെയാണ് ഒളിമ്ബിക്‌സിലെ മെഡല്‍. ചക് ദേ ഇന്ത്യ എന്നാ ഗാനം വീണ്ടും ഒളിമ്ബിക്‌സില്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തകര്‍ത്തത്. തീര്‍ത്തും അട്ടിമറി. ആരും പ്രതീക്ഷിച്ചതായിരുന്നില്ല ഈ വിജയം. പ്രതിരോധത്തിലെ മികവുമായിട്ടായിരുന്നു വിജയം. ഗോള്‍ക്കീപ്പറുടെ മികച്ച സേവുകളും ഇന്ത്യന്‍ വിജയത്തിന് തുണയായി. ഈ വിജയം പുരുഷ ടീമിനും ആത്മവിശ്വാസമാകും. ബെല്‍ജിയത്തെ തകര്‍ത്ത് ഫൈനിലില്‍ എത്താനുള്ള കരുത്ത് ഇന്ത്യന്‍ പുരുഷ ടീമിനുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിക്ക് ഏറെ നാളായി പറയാനുള്ള മോശം അവസ്ഥയ്ക്ക് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് ഏവരുടേയും വിലയിരുത്തല്‍.

ഒളിംപിക് ഹോക്കിയില്‍ പുതു ചരിത്രമെഴുതിയാണ് ഇന്ത്യന്‍ വനിതാ ടീം സെമി ഫൈനലില്‍ എത്തുന്നത്. ഒളിംപിക് ഹോക്കിയില്‍ മൂന്നു തവണ സ്വര്‍ണം നേടിയിട്ടുള്ള ഓസ്‌ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്‌സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. 22ാം മിനിറ്റില്‍ ഗുര്‍ജിത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ടോക്കിയോ ഒളിംപിക്‌സില്‍ ഗുര്‍ജീതിന്റെ ആദ്യ ഗോള്‍ കൂടിയാണിത്.

സമാനതകളില്ലാത്ത വിജയമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യ മത്സരങ്ങളില്‍ തോറ്റെങ്കിലും പതിയെ തിരിച്ചെത്തി. ഏവരേയും അത്ഭുതപ്പെടുത്തി ക്വാര്‍ട്ടറിലും എത്തി. എതിരാളി ഓസ്‌ട്രേലിയ ആണെന്ന് അറിഞ്ഞതോടെ അവിടെ മുന്നേറ്റം അവസാനിക്കുമെന്ന് ഏവരും കരുതി. എന്നാല്‍ ആദ്യം ഗോളടിച്ച്‌ മുന്‍തൂക്കം നേടിയ ഇന്ത്യ പിന്നെ ഓസ്‌ട്രേലിയന്‍ മുന്നേറ്റങ്ങളെ തടഞ്ഞു. പെനാല്‍ട്ടി കോര്‍ണ്ണറുകളിലെ മികവ് ഓസീസും പുറത്തെടുത്തില്ല. അങ്ങനെ കിരീടം മോഹിച്ചെത്തിയ ടീം ഇന്ത്യയ്ക്ക് മുന്നില്‍ കണ്ണീരിലായി.

മത്സരത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് ഗുര്‍ജീത് കൗര്‍ ലക്ഷ്യം കണ്ടത്. മറുവശത്ത് ഓസ്‌ട്രേലിയയ്ക്ക് അഞ്ചിലധികം പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. പൂള്‍ ബി ചാംപ്യന്മാരായി എത്തിയ ഓസീസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ നേടിയ നാലാം സ്ഥാനമാണ് ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ മികച്ച പ്രകടനം.

പ്രമുഖ ടീമുകള്‍ ഒളിംപിക്‌സ് ബഹിഷ്‌കരിച്ചതിനാല്‍ മോസ്‌കോയില്‍ ആകെ ആറു ടീമുകളാണ് മത്സരിച്ചത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ രണ്ടു വിജയങ്ങളുമായാണ് ഇന്ത്യ അന്ന് നാലാം സ്ഥാനത്തെത്തിയത്. എന്നാല്‍ ഇന്ന് മികച്ച ടീമുകളാണ് കളിക്കാന്‍ എത്തിയത്. ഒളിംപിക് ഹോക്കിയില്‍ മൂന്നു തവണ സ്വര്‍ണം നേടിയിട്ടുള്ള ഓസ്‌ട്രേലിയ ലോക റാങ്കിങ്ങില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയാകട്ടെ 10ാം സ്ഥാനത്തും.

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച്‌ പൂള്‍ ബിയില്‍ ചാംപ്യന്മാരായാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ ക്വാര്‍ട്ടറിലെത്തിയത്. അഞ്ച് മത്സരങ്ങളില്‍നിന്ന് അവര്‍ അടിച്ചുത് 13 ഗോളുകളാണ്. വഴങ്ങിയത് ഒരേയൊരു ഗോളും. ഇതെല്ലാം ക്വാര്‍ട്ടറില്‍ അപ്രസക്തമായി. പൂള്‍ എയില്‍ ആദ്യത്തെ മൂന്നു കളികളും തോറ്റ ഇന്ത്യ, അവസാന 2 മത്സരങ്ങളില്‍ നേടിയ നിര്‍ണായക വിജയങ്ങളുടെ മികവില്‍ പൂള്‍ എയില്‍ 4ാം സ്ഥാനക്കാരായാണ് ടീം ക്വാര്‍ട്ടറിലെത്തിയത്.

ആദ്യത്തെ 3 കളികളില്‍ നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, നിലവിലുള്ള ചാംപ്യന്മാരായ ബ്രിട്ടന്‍ എന്നീ ടീമുകളോടാണ് ഇന്ത്യ തോറ്റത്. പിന്നീട് അയര്‍ലന്‍ഡിനെ 10നും ദക്ഷിണാഫ്രിക്കയെ 43നും തോല്‍പിച്ചു. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ബ്രിട്ടനും അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സെമിയിലേക്ക് നറുക്കു വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button