ഭര്‍ത്താവിന്റെ സുഹൃത്ത് രാത്രി വീട്ടിലെത്തി, ഭാര്യയുമായി ബന്ധമുണ്ടെന്ന് സദാചാരവാദികള്‍;പിന്നാലെ ആത്മഹത്യ

തിരുവനന്തപുരം: വ്യാഴാഴ്ച രാത്രിയാണ് കുന്നത്തുകാല്‍ സ്വദേശി അക്ഷര വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സദാചാരഗുണ്ടായിസം ആണ് അക്ഷരയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന വെളിപ്പെടുത്തലുമായി സുരേഷ് രംഗത്ത് വന്നത്.
സദാചാരഗുണ്ടായിസമാണ് തന്റെ ഭാര്യയുടെ ജീവന്‍ എടുത്തതെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരക്ക് സമീപം കുന്നത്തുകാലില്‍ ആത്മഹത്യ ചെയ്ത അക്ഷരയുടെ ഭര്‍ത്താവ് സുരേഷ്. സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായിട്ടാണ് തന്നെ കാണാനെത്തിയ സുഹൃത്തിനെ ഒരു സംഘം മര്‍ദിച്ചത്. അവിഹിതബന്ധം ആരോപിച്ച് സംഘം ഭാര്യയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും സുരേഷ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് കുന്നത്തുകാല്‍ സ്വദേശി അക്ഷര വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സദാചാരഗുണ്ടായിസം ആണ് അക്ഷരയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന വെളിപ്പെടുത്തലുമായി സുരേഷ് രംഗത്ത് വന്നത്. വ്യാഴാഴ്ച രാത്രി തന്നെ കാണാനായി ഒരു സുഹൃത്ത് വീട്ടിലേക്ക് വന്നിരുന്നു. തന്നെ ഫോണില്‍ വിളിച്ച സുഹൃത്തിനോട് താന്‍ വീട്ടില്‍ ഇല്ലെന്നും മടങ്ങിയെത്താന്‍ വൈകും എന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്ത് മടങ്ങുന്ന വേളയിലാണ് ഒരുസംഘം സദാചാര ഗുണ്ടകള്‍ സുഹൃത്തിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചത്.
പിന്നീട് അവര്‍ സുഹൃത്തിനെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. അക്ഷരയെ അസഭ്യം പറഞ്ഞു. സുഹൃത്തും അക്ഷരയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആയിരുന്നു സംഘത്തിന്റെ ആക്ഷേപം. തുടര്‍ന്ന് കടുത്ത മാനസിക പീഡനമാണ് അക്ഷരയ്ക്ക് സംഘത്തിന്റെ ഭാഗത്തുനിന്ന് നേരിടേണ്ടിവന്നതെന്നും സുരേഷ് പറയുന്നു. ഇതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന അക്ഷര ആത്മഹത്യ ചെയ്യുകയായിരുന്നു.
അക്ഷരയും സുഹൃത്തും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന സംഘത്തിന്റെ ആരോപണത്തെയും ഭര്‍ത്താവ് സുരേഷ് നിഷേധിച്ചു. അക്ഷരക്കൊപ്പമാണ് സുഹൃത്തിന്റെ ഭാര്യ പഠിച്ചത്. ഇത്തരത്തിലുള്ള പരിചയം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും സുരേഷ് പറയുന്നു. അതേസമയം അക്ഷരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട പോലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സുഹൃത്തിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും അക്ഷരയെ അധിക്ഷേപിക്കുകയും ചെയ്ത നാലു പേര്‍ക്കെതിരെയാണ് കേസ്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങളും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.