പടക്ക വിപണിയില്‍ ചൈനീസ് ആധിപത്യത്തിന് അന്ത്യം
ന്യൂഡല്‍ഹി: ഇന്ത്യയെ വെല്ലുവിളിക്കുകയും കൂട്ടത്തില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ വിറ്റഴിക്കുകയും ചെയ്യുന്ന ചൈനയുടെ കുതന്ത്രത്തിന് ഒടുവില്‍ തിരിച്ചടി. വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ എന്നും ഇന്ത്യന്‍ വിപണിയെ കീഴടക്കിയിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ സ്വമേധയാ ചൈനീസ് ഉത്പന്നങ്ങളെ അവഗണിക്കാന്‍ തുടങ്ങിയതോടെ വലിയ തിരിച്ചടിയാണ് ചൈനയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
രാജ്യം ദീപാവലി ആഘോഷത്തിനായി ഒരുങ്ങുമ്പോള്‍ ചൈനീസ് സാധനങ്ങള്‍ വാങ്ങാന്‍ ആളില്ല. ഇന്ത്യന്‍ വിപണി ചൈനീത് ഉത്പന്നങ്ങളോട് കാണിക്കുന്ന വിമുഖത കാരണം കഴിഞ്ഞവര്‍ഷം മാത്രം ചൈനയ്ക്ക് 50,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സാധാരണരീതിയില്‍ ഇന്ത്യയിലെ പ്രധാന ഉത്സവ സമയങ്ങളിലെല്ലാം ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി വലിയ തോതില്‍ വര്‍ധിക്കുകയാണ് പതിവ്.
കോവിഡ് ഭീഷണി ഏറെക്കുറെ അവസാനിച്ച ഇന്ത്യയില്‍ ഈ വര്‍ഷത്തെ ദീപാവലിക്ക് ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ക്കാണ് കൂടുതല്‍ പ്രിയം. ചൈനീസ് ഉത്പന്നങ്ങളോട് ഇന്ത്യക്കാര്‍ ഗുഡ്ബൈ എന്ന് പറഞ്ഞുകഴിഞ്ഞെന്നാണ് പല മാര്‍ക്കറ്റുകളും ചൂണ്ടിക്കാണിക്കുന്നത്.
ദീപാവലി ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഏകദേശം രണ്ടു ലക്ഷം കോടി രൂപ മാര്ക്കറ്റിലേക്കെത്തുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് കണക്കാക്കുന്നത്. കോവിഡ് വ്യാപനത്തിനു മുന്‍പുതന്നെ ചൈനീസ് ഉത്പന്നങ്ങളോട് പല വിപണികളിലും വിമുഖത പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ അത് പൂര്ണതോതിലെത്തുകയാണ്. എന്തായാലും ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വന്‍ ഡിമാന്‍ഡ് ഉണ്ടാക്കുന്നത് ആഭ്യന്തര ഉത്പാദനത്തിലും മറ്റും വലിയ വളര്‍ച്ച സൃഷ്ടിക്കാന്‍ ഉതകുന്നതാണ്.