Uncategorized

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍: എട്ടാഴ്ചയ്ക്കുള്ളില്‍ സ്‌കിം തയ്യാറാക്കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാവണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതില്‍ നിലപാട് കടുപ്പിച്ച്‌ സുപ്രിംകോടതി. എട്ട് ആഴ്ചയ്ക്കുള്ളില്‍ പുതിയ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാവേണ്ടിവരുമെന്ന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ് നല്‍കി. സ്ഥിരപ്പെടുന്നതിന് മുമ്ബ് ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന കാലഘട്ടം കൂടി പെന്‍ഷനായി പരിഗണിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി പുതിയ സ്‌കീം തയ്യാറാക്കുന്നത്. സ്‌കിം തയ്യാറാക്കാന്‍ നേരത്തെ സുപ്രിംകോടതി കെഎസ്‌ആര്‍ടിസിക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍, ഇതുവരെയും സ്‌കിം തയ്യാറാക്കാത്തതിനാലാണ് ഗതാഗത സെക്രട്ടറിക്ക് സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

കോടതിക്ക് നല്‍കിയ ഉറപ്പ് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോവുന്നതിനാലാണ് അന്ത്യശാസനം നല്‍കുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സ്‌കിം തയ്യാറാക്കുന്നത് വൈകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ ധനകാര്യം, ഗതാഗതം, നിയമം എന്നി വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും അതിനാല്‍ ഒരുമാസത്തെ സമയം കൂടി വേണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി കോടതിയില്‍ ആവശ്യപ്പെട്ടു.

ഏതാണ്ട് അയ്യായിരത്തോളം ജീവനക്കാര്‍ക്ക് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുമെന്നും അതിനാല്‍ എട്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് വാദിച്ചു. ജൂലൈ ഏഴിനാണ് സ്‌കിം സംബന്ധിച്ച്‌ ആദ്യം കോടതിയെ അറിയിക്കുന്നതെന്നും ഓണം അവധി ആയതിനാലാണ് കാലതാമസമുണ്ടായതെന്നും കോര്‍പറേഷനും സുപ്രിംകോടതിയെ അറിയിച്ചു.

കെഎസ്‌ആര്‍ടിസിയുടെ ആവശ്യം അംഗീകരിച്ച കോടതി ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറി ഹാജരാവണമെന്ന വ്യവസ്ഥ ഉത്തരവില്‍നിന്ന് നീക്കണമെന്ന കെഎസ്‌ആര്‍ടിസി അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. മനപ്പൂര്‍വമാണ് ഉത്തരവില്‍ ആ വ്യവസ്ഥ ഉള്‍കൊള്ളിച്ചതെന്നും സ്‌കീം തയ്യാറാക്കിയാല്‍ ഗതാഗത സെക്രട്ടറി ഹാജരാവേണ്ടതില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button