ഇന്ന് ലോക പരിസ്ഥിതി ദിനം; അറിയാം ഈ ദിനത്തെക്കുറിച്ച്
പ്രകൃതിയില്‍ സമയം ചെലവഴിക്കുന്നത് ഒരിക്കലും നിങ്ങള്‍ക്ക് നഷ്ടമാകില്ല. ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകര്‍ച്ച തടയാനും കഴിയൂ. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സില്‍ വച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്.
പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു ആഗോള വേദിയായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. വ്യക്തികളെ അവരുടെ ആവാസവ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ഹരിത ഭൂമി കെട്ടിപ്പടുക്കുന്നതിന് നടപടികളെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ദിനം കൂടിയാണ് പരിസ്ഥിതി ദിനം.
ലോക പരിസ്ഥിതി ദിനത്തിന്റെ ചരിത്രം
1972ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയാണ് സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം, 1974ല്‍ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ‘ഒരു ഭൂമി മാത്രം’ എന്ന വിഷയത്തില്‍ ആചരിച്ചു. 1987ല്‍ ഈ ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഓരോ വര്‍ഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് യുഎന്‍ പുതിയ ആശയം കൊണ്ടുവന്നു.
2021ലെ ലോക പരിസ്ഥിതി ദിന തീം
‘ഇക്കോസിസ്റ്റം പുന:സ്ഥാപിക്കല്‍’ എന്നതാണ് ഈ വര്‍ഷത്തെ തീം. ആവാസവ്യവസ്ഥയുടെ പുന: സ്ഥാപനം എന്ന തീം കൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തെ തടയുക, അവസാനിപ്പിക്കുക, പഴയ പടിയാക്കുക, ഒടുവില്‍ പ്രകൃതിയെ സുഖപ്പെടുത്തുക എന്നതാണ്. ഓരോ മൂന്ന് സെക്കന്‍ഡിലും, ലോകത്ത് വനങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ നിരവധി തണ്ണീര്‍ത്തടങ്ങള്‍ നശിച്ചു. കാടുകള്‍ മുതല്‍ കൃഷിസ്ഥലങ്ങള്‍ വരെ കോടിക്കണക്കിന് ഹെക്ടര്‍ സ്ഥലങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റ ലക്ഷ്യം.
ഈ വര്‍ഷത്തെ ആതിഥേയ രാജ്യം
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളാണ് ഓരോ വര്‍ഷവും ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രതിവര്‍ഷം 143 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. യു എന്‍ പരിസ്ഥിതി പദ്ധതിയുമായി സഹകരിച്ച് പാകിസ്ഥാനാണ് 2021ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ജൂണ്‍ നാലിന് രാത്രി ഇസ്ലാമാബാദില്‍ ലോക പരിസ്ഥിതി ദിന കോണ്‍ഫറന്‍സ് ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഈ ദിവസം പാകിസ്ഥാന്‍ ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ലഘൂകരണത്തിനായി പാകിസ്ഥാന്‍ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തും. അതില്‍ 10 ബില്യണ്‍ ട്രീസ് സുനാമി പ്രോഗ്രാംഡ്, ക്ലീന്‍ ഗ്രീന്‍ പാകിസ്ഥാന്‍, ഇലക്ട്രിക് വെഹിക്കിള്‍ പോളിസി, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് മലിനീകരണം വിഷയമാക്കി 2018ലാണ് ഇന്ത്യ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ചത്.