തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ പുഴുവരിച്ച രോഗി മരിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിയവെ പുഴവരിച്ച് ആരോഗ്യസ്ഥിതി ഗുരുതരമായ രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് മരിച്ചത്. 56 വയസായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് വീണ് പരുക്കേറ്റ അനില്‍കുമാറിനെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അനില്‍കുമാറിന് കോവിഡ് ബാധിച്ചത്.
പിന്നീട് ഓഗസ്റ്റ് 26ന് കോവിഡ് നെഗറ്റീവ് ആയതിനാല്‍ അനില്‍കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു. പക്ഷെ വീട്ടിലെത്തിയ ശേഷമാണ് അനില്‍കുമാറിന്റെ ശരീരത്തിന്റെ പല ഭാഗത്തും പുഴുവരിച്ചതായി മകള്‍ അഞ്ജന കണ്ടത്.
പേരൂര്‍ക്കടയിലെ ഗവണ്മെന്റ് ആശുപത്രിയില്‍ പിന്നീട് നടത്തിയ ചികിത്സയിലാണ് അനില്‍കുമാര്‍ ആരോഗ്യനില വീണ്ടെടുത്തത്. കോവിഡ് ചികിത്സയില്‍ കഴിയവെ തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും, ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും സംസാരശേഷി വീണ്ടെടുത്ത ശേഷം അനില്‍കുമാര്‍ പറഞ്ഞിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ അനില്‍കുമാറിന്റെ കുടുംബം ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് പരാതി നല്‍കിയിരുന്നു. രണ്ട് ഡോക്ടര്‍മാരടക്കം 13 പേര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് സംഭവത്തില്‍ നടപടിയെടുത്തിരുന്നത്.