ഇതാണോ നിങ്ങളുടെ നമ്പർ 1, എം കെ മുനീർ ചോദിക്കുന്നു.

ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട കുട്ടികൾ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എംകെ മുനീറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇതാണോ നിങ്ങളുടെ നമ്പർ 1 എന്നാണു ഇക്കാര്യത്തിൽ സർക്കാരിനോട് എം കെ മുനീർ ചോദിക്കുന്നത്. കൊവിഡ് കാലം മുതൽ എത്രയോ മരണങ്ങൾ മതിയായ ചികിത്സ കിട്ടാതെ കേരളത്തിൽ നടന്നിരിക്കുന്നു എന്നും, പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകൾ എല്ലാം കോവിഡ് കെയർ സെന്ററുകൾ ആക്കി മാറ്റി, മറ്റ് അത്യാവശ്യ ചികിത്സകൾക്ക് പോലും സൗകര്യമില്ലാതെ രോഗികൾ വലയുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മുനീർ കുറ്റപ്പെടുത്തുന്നു. പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിക്കളെ കോവിഡ് കെയർ സെന്ററുകൾ ആക്കി മാറ്റുകയും, മെഡിക്കൽ കോളേജുകളിൽ ഒരു ഭാഗം മാത്രം കോവിഡ് കെയർ സെന്ററുകൾ ആക്കി മാറ്റിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. എംകെ മുനീർ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
എം കെ മുനീറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
ആരോഗ്യ വകുപ്പിന്റെ ക്രൂരതയിൽ ഇരട്ടക്കുട്ടികളുടെ ജീവൻ പൊലിഞ്ഞ വാർത്തയാണ് ഇന്ന് വന്നിരിക്കുന്നത്. മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് കൊണ്ടോട്ടി കിഴിശേരി സ്വദേശിനിയായ 22 കാരിയുടെ കുട്ടികൾ മരിച്ചത്. കോഴിക്കേട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ പ്രസവ വേദന വന്നപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിൽ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാൽ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇവിടെ നിന്ന് സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി ചെന്നെങ്കിലും ഫലമുണ്ടായില്ല.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ പ്രവേശനം നൽകില്ലെന്ന് അധികൃതർ വാശിപിടിച്ചു. എന്നാൽ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും അത് സ്വീകരിച്ചില്ല. പിസിആർ ടെസ്റ്റ് നടത്തിയതിന്റെ റിസൽട്ട് വേണമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ഓടി അവശയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂർ കഴിഞ്ഞു. സമയം വൈകിയതോടെ കുട്ടികൾ മരണപ്പെട്ടു. കൊവിഡ് കാലം മുതൽ എത്രയോ മരണങ്ങൾ മതിയായ ചികിത്സ കിട്ടാതെ കേരളത്തിൽ നടന്നിരിക്കുന്നു. പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകൾ എല്ലാം കോവിഡ് കെയർ സെന്ററുകൾ ആക്കി മാറ്റി ; മറ്റ് അത്യാവശ്യ ചികിത്സകൾക്ക് പോലും സൗകര്യമില്ലാതെ രോഗികൾ വലയുന്ന സാഹചര്യമാണ്. പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിക്കളെ കോവിഡ് കെയർ സെന്ററുകൾ ആക്കി മാറ്റുകയും, മെഡിക്കൽ കോളേജുകളിൽ ഒരു ഭാഗം മാത്രം കോവിഡ് കെയർ സെന്ററുകൾ ആക്കി മാറ്റിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ നമ്പർ 1? “”കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ”” ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാൽ ഇതിലും വലിയ ദുരന്തങ്ങൾ ആകും ഈ നാട്ടിൽ ഉണ്ടാകുന്നത്. “എന്റെ രണ്ടു കുട്ടികളും മരിച്ചു, ന്റെ പ്രിയപ്പെട്ടവൾ ICU ൽ ആണ് പ്രാർത്ഥിക്കണം,.” വേദന കടിച്ചമർത്തി കഴിയുന്ന ആ പിതാവിന്റെ / ഭർത്താവിന്റെ പ്രാർത്ഥനയിൽ പങ്കുചേരുന്നു. മുനീർ കുറിച്ചിരിക്കുന്നു.