Kerala NewsLatest News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; യാസ് ചുഴലിക്കാറ്റായി മാറും, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഞായറാഴ്ച രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇത് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ തിങ്കളാഴ്ചയോടെ ശക്തി പ്രാപിച്ച്‌ യാസ് ചുഴലിക്കാറ്റായി മാറാനും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്ചയോടെ ബംഗാള്‍, ഒഡിഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എങ്കിലും കേരളത്തില്‍ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കാലവര്‍ഷം എത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴപെയ്തു. സംസ്ഥാനം പരക്കെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകള്‍. ഒപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button