യാസ് ചുഴലിക്കാറ്റ് കര തൊട്ടു : 20 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ; തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം
ന്യൂ ഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. പശ്ചിമ ബംഗാൾ, ഒഡീഷ തീരങ്ങളിൽ കനത്ത കാറ്റാണ് വീശുന്നത്. തിരമാല ഉയരുന്നതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ ചില മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിൽ നിന്നായി 20ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ചുഴലിക്കാറ്റ് തീരത്ത് എത്തിയത്. ഉച്ചയോടെ പൂർണമായി കരയിലേക്ക് കടക്കുന്നതോടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിനെ നേരിടാൻ വലിയ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ദുരന്തനിവാരണ സേനയെ അടക്കം വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലും ശക്തമായ മഴയാണ് പെയ്യുന്നത്. കൊൽത്ത നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം അടച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും പരക്കെ മഴയാണ് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.