Kerala NewsLatest NewsNews

പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്റെ പൈസ തിരിച്ചുപിടിച്ചില്ല

കൊച്ചി: പാലാരിവട്ടം പാലം സംബന്ധിച്ച വിവാദങ്ങള്‍ ഒഴിയുന്നില്ല. മേല്‍പാലം പൊളിച്ചു പണിയാന്‍ ചിലവായ തുക മുന്‍ കരാറുകാരനില്‍നിന്ന് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ല. 24.52 കോടി രൂപയാണ് ആര്‍ഡിഎസ് കമ്പനി സര്‍ക്കാരിന് തിരിച്ചടയ്ക്കാനുള്ളത്. പാലം നിര്‍മാണം പൂര്‍ത്തിയായി എട്ടു മാസം പിന്നിടുമ്പോഴും ചിലവാക്കിയ തുക സര്‍ക്കാരിന് തിരികെ ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

നിര്‍മാണത്തിലെ അപാകതകളെ തുടര്‍ന്ന് അടച്ചിട്ട പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചത് 2020 സെപ്റ്റംബറിലായിരുന്നു. അഞ്ചു മാസവും 10 ദിവസവുമെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ പാലം പൊളിച്ചു പണിതത്. 2021 മാര്‍ച്ച് ഏഴിന് പാലം ഗതാഗതത്തിനായി തുറന്നു. ആദ്യം പാലം പണിത ആര്‍ഡിഎസ് കമ്പനിയില്‍നിന്ന് തുക ഈടാക്കി പാലം പുനര്‍നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി 24.52 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്‌റഷന്‍ 2020 ഡിസംബറില്‍ മുന്‍ കരാറുകാരായ ആര്‍ഡിഎസിന് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചിലവായ തുക തിരിച്ചുപിടിക്കാനുള്ള നടപടി മാത്രം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. 18.5 കോടിക്ക് പാലം പൊളിച്ചുപണിയാമെന്ന ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് 22.68 കോടി രൂപയ്ക്ക് പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.

പാലത്തിന്റെ ദുര്‍ബലാവസ്ഥ പരിശോധിച്ച മദ്രാസ് ഐഐടി 75 ലക്ഷം രൂപ ഫീസ് ഇനത്തില്‍ കൈപ്പറ്റി. 35.39 കോടിയാണ് ആദ്യം പാലം പണിത വകയില്‍ ആര്‍ഡിഎസ് കമ്പനി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത്. ചുരുക്കത്തില്‍ ഈ തുകയും പാലം പൊളിച്ചു പണിയാന്‍ ചെലവിട്ട തുകയും കൂട്ടുമ്പോള്‍ 58.82 കോടിയാണ് പാലാരിവട്ടം മേല്‍പാലം സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒഴുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button