“ശബരിമലയെ വീണ്ടും വിവാദ വിഷയമാക്കരുത്”; ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി യോഗക്ഷേമസഭ

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി യോഗക്ഷേമസഭ രംഗത്തെത്തി. സംഗമം സാമ്പത്തിക ലാഭത്തിനോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനോ വേണ്ടിയുള്ള നീക്കമാണെന്ന സംശയമാണെന്ന് യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി വ്യക്തമാക്കി.
“ശബരിമലയെ വീണ്ടും വിവാദ വിഷയമാക്കരുത്. പമ്പയിലെ സംഗമത്തെക്കുറിച്ച് ആശങ്കയുണ്ട്. ആചാരങ്ങൾ കർശനമായി പാലിക്കേണ്ടിടമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകണം” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എൻഎസ്എസ് രംഗത്തെത്തി. “അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാർ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സർക്കാരിൽ ഞങ്ങൾക്ക് മുഴുവൻ വിശ്വാസമുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ യാതൊരു അഭിപ്രായവ്യത്യാസവും ഇല്ല” എന്നാണ് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ വ്യക്തമാക്കിയത്.
അടുത്ത മാസം 20 മുതൽ ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും, സംഗമം ലക്ഷ്യമിടുന്നത് ശബരിമലയുടെ വികസനവും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരുമിച്ച് കൊണ്ടുവരുന്നതുമാണെന്നും എൻഎസ്എസ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. സംഗമത്തിൽ പങ്കെടുക്കുന്ന ഭക്തർക്കായി പമ്പയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Tag: Yoga Kshema Sabha criticizes the government regarding the global Ayyappa Sangamam