CovidEditor's ChoiceHealthKerala NewsLocal NewsNationalNews

ക്ലറിക്കല്‍ മിസ്റ്റേക്ക് രാഷ്ട്രീയ ആയുധം ആക്കി.

വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ പരാതി. തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആണ് പൊലീസിൽ അഭിജിത്തിനെതിരെ പരാതി നൽകിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിൻ്റെ പരാതി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ക്വാറന്‍റൈനിലാണോയെന്ന് അറിയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അതെ സമയം കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഈയടുത്ത ദിവസങ്ങളില്‍ നിരവധി സമരങ്ങളില്‍ സജീവമായിരുന്നു കെ.എം അഭിജിത്ത്.

സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന പ്രവര്‍ത്തനമാണ് ഇതെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വേണുഗോപാലന്‍ നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി ഗവ. എല്‍.പി സ്കൂളില്‍ കോവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് നടത്തിയ 48 പേരില്‍ 19 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. അതെ സമയം വിവാദം രാഷ്ട്രീയാരോപണമാണെന്ന് കെ.എം അഭിജിത്ത് പറയുന്നു. സുഹൃത്താണ് പേര് നല്‍കിയതെന്നും അതാണ് പേര് കേട്ട് രേഖപ്പെടുത്തിയതിലെ ക്ലറിക്കൽ എറർ ആണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്നും അഭിജിത് പറയുന്നു. ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം ചെയ്തത് സഹപ്രവര്‍ത്തകനായ ബാഹുല്‍ ആണെന്നും ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച ക്ലറിക്കല്‍ തെറ്റാണ് ഇതെന്നാണ് ബാഹുല്‍ തന്നെ അറിയിച്ചതെന്നും കെ.എം അഭിജിത്ത് ഫേസ്ബുക്കിലിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നു.

ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ ‘ആരോഗ്യപ്രവര്‍ത്തകരെ’ അറിയിച്ചുകൊണ്ട് ഇതേ വീട്ടില്‍ ഞാന്‍ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാന്‍ ഇല്ലെന്നും കള്ള മേല്‍വിലാസം നല്‍കിയെന്നും വ്യാജപ്രചാരണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. കെ.എം അഭിജിത്ത് പറഞ്ഞു.

പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം ഉണ്ടാവും. സര്‍ക്കാരിലെ ചില വകുപ്പുകള്‍ക്കും ഈ താല്പര്യം ഉണ്ടാവും. ഇല്ലാകഥകള്‍ കൊട്ടി ആഘോഷിക്കാന്‍ ചില മാധ്യമങ്ങള്‍ക്കും ഉത്സാഹം ഉണ്ടാകും. അപ്പോഴും ഓര്‍ക്കേണ്ടത് ഞാന്‍ കൊവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ് എന്നത് മാത്രമാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. മാനസികമായി കൂടി തകര്‍ക്കരുതെന്നും അഭിജിത് കുറിപ്പില്‍ പറയുന്നു.

അഭിജിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ,
പ്രിയപ്പെട്ടവരെ,

ചില സഹപ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറ് ദിവസമായി സെല്‍ഫ് ക്വോറന്റയിനിലാണ്. പോത്തന്‍കോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വോറന്റയിന്‍ ഇരിക്കുന്നത്. ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോള്‍ സഹപ്രവര്‍ത്തകന്‍ ബാഹുല്‍ കൃഷ്ണയ്‌ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ് പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.

ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാല്‍ മറ്റ് സമ്പര്‍ക്കങ്ങള്‍ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കി സുരക്ഷിതരാവാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയില്‍ ഒരു ചാനലില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. വ്യാജ അഡ്രസ്സില്‍ ഞാന്‍ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം. ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകന്‍ ആരോപണങ്ങള്‍ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാന്‍ മറുപടി നല്‍കി.

അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കള്‍ എന്തിനാണ് കെ.എം അഭി എന്ന് പേര് നല്‍കിയതെന്ന്. സത്യത്തില്‍ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുല്‍ ആണ് എല്ലാം ചെയ്തത്. സെന്‍സേഷന്‍ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നല്‍കിയത് എന്ന് ഞാന്‍ ചാനലില്‍ സംശയം പ്രകടിപ്പിച്ചു.

ചാനലിന്റെ കോള്‍ കഴിഞ്ഞ ഉടനെ ഞാന്‍ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നല്‍കിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നല്‍കേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കില്‍ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകള്‍ നല്‍കിയാല്‍ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലര്‍ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നല്‍കുന്നത്? അത് അവരുടെ ഭാഗത്ത് വന്ന ക്ലറിക്കല്‍ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുല്‍ പറഞ്ഞത്.

ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ ‘ആരോഗ്യപ്രവര്‍ത്തകരെ’ അറിയിച്ചുകൊണ്ട് ഇതേ വീട്ടില്‍ ഞാന്‍ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാന്‍ ഇല്ലെന്നും കള്ള മേല്‍വിലാസം നല്‍കിയെന്നും വ്യാജപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ പടച്ചുവിടുകയാണ്.

പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും… ഈ സര്‍ക്കാരിലെ ചില വകുപ്പുകള്‍ക്കും കാണും… ഇല്ലാകഥകള്‍ കൊട്ടി ആഘോഷിക്കാന്‍ ചില മാധ്യമങ്ങള്‍ക്കും ഉത്സാഹം ഉണ്ടാകും…. അപ്പോഴും ഓര്‍ക്കേണ്ടത് ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ് എന്നത് മാത്രമാണ്…ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. മാനസികമായി കൂടി തകര്‍ക്കരുത്. അഭിജിത് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button