keralaKerala NewsLatest News

സിന്തറ്റിക് മയക്കുമരുന്ന് കൈവശം വച്ചു; യുവഡോക്ടർ അറസ്റ്റിൽ

സിന്തറ്റിക് മയക്കുമരുന്ന് കൈവശം വച്ചെന്ന കേസിൽ യുവഡോക്ടർ അറസ്റ്റിൽ. എറണാകുളം പറവൂർ വടക്കേക്കര സ്വദേശി അംജദ് അഹ്സാൻ (31) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.83 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി കൊച്ചി സിറ്റി ഡാൻസാഫ് സ്ക്വാഡ് അറിയിച്ചു.

ലഹരിമരുന്ന് ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ച അംജദ്, കഴിഞ്ഞ ഒരു മാസത്തിലേറെയായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെ പുല്ലേപ്പടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണർ എസ്. പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് എസിപി കെ. എ. അബ്ദുൽ സലാം നേതൃത്വം നൽകിയ പ്രത്യേക സംഘമാണ് അറസ്റ്റ് നടത്തിയത്.

കണ്ടെത്തിയത് ഒരു ഗ്രാമിൽ താഴെ മാത്രമുള്ള ലഹരിമരുന്നായതിനാൽ എൻഡിപിഎസ് ആക്ട് പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കും. എങ്കിലും പ്രതി മെഡിക്കൽ പ്രൊഫഷണലായതിനാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോടതിയിൽ ഹാജരാക്കുമെന്നും എറണാകുളം നോർത്ത് പൊലീസ് വ്യക്തമാക്കി. ചില ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ഇടയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ഉണ്ടെന്നും, തിരക്കേറിയ ആരോഗ്യകേന്ദ്രങ്ങളിലെ ഇത്തരം ശൃംഖലകൾ കണ്ടെത്തുക വലിയ വെല്ലുവിളിയാണെന്നും പൊലീസ് പറഞ്ഞു.

Tag: Young doctor arrested for possession of synthetic drugs

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button