രാമക്ഷേത്രത്തിന് പണം നല്‍കിയത് തെറ്റായി പോയെന്ന് എല്‍ദോസ് കുന്നപ്പിള്ളി

അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തില്‍ പങ്കാളിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ചിത്രം വൈറലായതോടെ വിശദീകരണവുമായി എം.എല്‍.എ. ആര്‍.എസ്.എസുകാര്‍ രാമക്ഷേത്രമാണെന്ന് പറയാതെ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് എല്‍ദോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
‘ഞാന്‍ എന്നും മതേതരത്വം ഉയര്‍ത്തുന്നയാളാണ്. ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. ശബരിമലയില്‍ വിശ്വാസികളുടെ കൂടെനിന്നയാളാണ് ഞാന്‍. ഇരിങ്ങോക്കാവിന്‍റെ സമീപത്ത് നിന്നും ഇന്നലെ ഒരു പറ്റം ആളുകള്‍ കാണാന്‍ വന്നു. അവര്‍ ആര്‍.എസ്.എസുകാരാണെന്നോ ലക്ഷ്യം കബളിപ്പിക്കലോ ആണെന്ന് എനിക്കറിയില്ലായിരുന്നു. അവരവിടെ വന്ന് ഒരു വഴിപാട് കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ തിരക്കിനിടയില്‍ എന്‍റെ നിഷ്കളങ്കത കൊണ്ട് 1000രൂപ കൊടുത്തുവെന്നത് ശരിയാണ്. എല്ലാ മതക്കാര്‍ക്കും ഞാനിങ്ങനെ കൊടുക്കാറുണ്ട്. ആര്‍.എസ്.എസുകാര്‍ എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എനിക്കിതില്‍ കടുത്ത വേദനയുണ്ട്. അവര്‍ തന്ന ഫോട്ടോ ഞാന്‍ ശ്രദ്ധിച്ചില്ല’. -എല്‍ദോസ് കുന്നംപള്ളി പറഞ്ഞു.
സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എംഎല്‍എക്ക് കൈമാറുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നേരത്തെ ആലപ്പുഴയില്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി സംഭാവന നല്‍കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.