കർഷകരുമായുള്ള ആറാം വട്ട ചർച്ചയും പരാജയം, തിങ്കളാഴ്ച വീണ്ടും ചർച്ച,നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ധാരണയിലെത്തി എന്ന് കേന്ദ്ര കൃഷി മന്ത്രി.

ന്യൂഡല്‍ഹി / കേന്ദ്ര സര്‍ക്കാർ കൊണ്ട് വന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തുവരുന്ന കർഷക സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ആറാം വട്ട ചര്‍ച്ചയും പരാജയം. തിങ്കളാഴ്ച ഉച്ചക്ക് 2 ന് വീണ്ടും ചർച്ച നടക്കും.
‘കർഷകർ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ധാരണയിലെത്തിയതായും, വയൽ അവശിഷ്ടം കത്തിക്കുന്നതിനു പിഴ ഈടാക്കുന്നതിൽ നിന്നു കർഷകരെ ഒഴിവാക്കുക, വൈദ്യുതി സബ്സിഡി തുടരുക എന്നീ ആവശ്യങ്ങളിലാണ് ധാരണയായതെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കുമെന്ന് രേഖാമൂലം എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയാറാണ്. എന്നാൽ ഇക്കാര്യത്തിൽ നിയമം പാസാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സംബന്ധിച്ച് ജനുവരി നാലിന് ചർച്ച നടത്തും.’നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി.
എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ തങ്ങൾ നടത്തുന്ന സമരം തുടരുമെന്നാണ് കർഷകർ ചർച്ചക്ക് ശേഷവും വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍ മന്ത്രി പീയുഷ് ഗോയല്‍, സഹമന്ത്രിമാരായ കൈലാഷ് ചൗധരി, സോം പ്രകാശ് എന്നിവരാണ് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. നാല്‍പതോളം കര്‍ഷക സംഘടനാ നേതാക്കളും ആറാംവട്ട ചര്‍ച്ചയില്‍ പങ്കെടുക്കുക യുണ്ടായി. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണു കര്‍ഷകര്‍ ഇപ്പോഴും ഉള്ളത്. വിവാദമായ 3 നിയമങ്ങൾ പിൻവലിക്കുക, വിളകൾക്കു താങ്ങുവില ഉറപ്പാക്കാൻ പുതിയ നിയമം പാസാക്കുക, വൈദ്യുതി സബ്സിഡി തുടരുക, വായു മലിനീകരണവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളിൽ നിന്നു കർഷകരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടു വെച്ചിട്ടുള്ളത്.