കിരണ്‍ പുറത്ത് ശ്രീറാം വെങ്കിട്ടരാമന്‍ അകത്ത്; തുല്യ നീതി എവിടെ
തിരുവനന്തപുരം: വിസ്മയയുടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രവര്‍ത്തിയില്‍ പ്രശംസ അറിയിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. കൊല്ലം മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ കിരണിന്റെ ചൂഷണം സഹിക്ക വയ്യാതെയായിരുന്നു ഭാര്യ വിസ്മയ ആത്മഹത്യ ചെയ്തത്.
ഇതേ തുടര്‍ന്ന് കിരണിനെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന ചട്ട പ്രകാരം കിരണിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. സര്‍ക്കാരിന്റെ ഈ നടപടിയില്‍ സമൂഹമാധ്യമങ്ങള്‍ വഴി നിരവധി പേര്‍ പ്രശംസ അറിയിച്ചിരുന്നു. എന്നാല്‍ അതേസമയം തന്നെ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തിയോടൊപ്പം സര്‍ക്കാരിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചും ചിലര്‍ പ്രതികരിച്ചിക്കുകയാണ്. കിരണിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട കാര്യം അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതെന്തു തരം നീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
കിരണിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു നല്ലകാര്യം എന്നാല്‍ അതേസമയം ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന് നീതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിനെ കൊലപ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസിന്റെ വിചാരണപോലും നടക്കുന്നില്ല. എന്നാല്‍ ജനരോക്ഷത്തെ ഭയന്ന് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു. ഇപ്പോഴാണെങ്കില്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ശ്രീറാം വെങ്കിട്ടരാമന്‍ തിരിച്ച് സര്‍വ്വീസില്‍ കയറിയിരിക്കുന്നു.
എന്തു ന്യായമാണ് സര്‍ക്കാരിന് പറയാനുള്ളത് എന്ന ജനത്തിന്റെ അമര്‍ഷമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടു പേരും കൊലയാളികള്‍ രണ്ടു പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിട്ടും എന്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഇപ്പോഴും ബഷീറിന്റെ കുടുംബത്തോട് നീതി കാണിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്നത്. കൊല്ലപ്പെട്ട ബഷീര്‍ ഇവിടെ ഒരു ഉദാഹരണം മാത്രമാണ് .
സര്‍ക്കാരിന്റെ രണ്ടു നയങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന നിരവധി കൊലപാതക, പീഡന കേസുകള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ദിനംപ്രതി ഉണ്ടാകുന്നുണ്ട്. ബഷീറിനെ പോലെ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്രൂരതയിലും അനാസ്ഥയിലും പൊലിഞ്ഞ ജീവനുകളുണ്ട്. എന്നിട്ടും ഇപ്പോഴും സര്‍ക്കാരിന്റെ സേവകരായി അവര്‍ സമൂഹത്തില്‍ മാന്യരായി വാഴുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.