യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; നിർണായക തെളിവുകളുമായി ക്രൈംബ്രാഞ്ച്
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായക തെളിവുകളുമായി ക്രൈംബ്രാഞ്ച്. അടൂർ കേന്ദ്രീകരിച്ച് കാർഡുകൾ നിർമിച്ചതിന്റെ വ്യക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. യഥാർത്ഥ തിരിച്ചറിയൽ കാർഡുകൾ ശേഖരിച്ച ശേഷം അവയുടെ അടിസ്ഥാനത്തിലാണ് വ്യാജ കാർഡുകൾ ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ഇതിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു, ഗ്രൂപ്പിന്റെ അഡ്മിൻ കേസിലെ രണ്ടാംപ്രതിയായ ബിനിൽ ബിനുവായിരുന്നു. തിരിച്ചറിയൽ കാർഡുകൾ ശേഖരിക്കുന്നതിൽ പങ്കാളികളായ അശ്വന്ത് എസ്. കുമാർ, ജിഷ്ണു ജെ. നായർ, നൂബിൻ ബിനു, ചാർലി എന്നിവരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇവർ അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.
മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെയും ജില്ലാ ഉപാധ്യക്ഷന്മാരടക്കം ഏഴുപേരെയും പ്രതികളായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ഫോണുകളിൽ നിന്ന് ലഭിച്ച ചില ശബ്ദ സന്ദേശങ്ങളിൽ വ്യാജ കാർഡുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ പേര് പരാമർശിച്ചതായി തെളിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഏഴ് പ്രതികളുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വ വിവരങ്ങൾ ദേശീയ കമ്മിറ്റിയുടെ വെബ്സൈറ്റിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, സെർവറിലെ വിവരങ്ങൾ നൽകാൻ ദേശീയ കമ്മിറ്റി ഇതുവരെ തയ്യാറായിട്ടില്ല. ഇത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സെർവർ പങ്കുവെച്ചാൽ രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് അന്വേഷണസംഘം പ്രതീക്ഷിക്കുന്നു.
അടൂരിൽ മാത്രം യൂത്ത് കോൺഗ്രസ് നിർമ്മിച്ചത് ഏകദേശം 2,000 വ്യാജ തിരിച്ചറിയൽ കാർഡുകളാണെന്ന് പൊലീസ് കണ്ടെത്തി. ഇവ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വ്യാപകമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് കാർഡുകൾ ഡൗൺലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതാണെന്ന് വികാസ് കൃഷ്ണ എന്ന എഡിറ്ററുടെ മൊഴിയും തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയും തെളിയിക്കുന്നു.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷൻ എം. ജെ. രഞ്ജുവിനെ ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വികാസ് കൃഷ്ണയ്ക്ക് പ്രതിദിനം ₹1,000 രൂപ ഗൂഗിൾ പേ വഴി നൽകുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് വ്യാപകമായി ഉപയോഗിച്ചതെന്ന സത്യാവസ്ഥ റിപ്പോർട്ടർ ടിവിയാണ് ആദ്യം പുറത്ത് കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വിവിധ ജില്ലകളിൽ നിന്നായി നിരവധി പരാതികൾ ഉയർന്നിരുന്നു.
Tag: Youth Congress fake identity card case; Crime Branch with crucial evidence