യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി; നോമിനികളെ മുന്നോട്ടുവച്ച് മുതിർന്ന നേതാക്കൾ
രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് നേതാക്കളുടെ പിടിമുറുക്കം ശക്തമായി. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, എം.കെ രാഘവന്‍ എന്നിവര്‍ നോമിനികളെ മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കെ.സി വേണുഗോപാല്‍ ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ ക്യാമ്പയിനും ആരംഭിച്ചു. മുമ്പ് നിരവധി അവസരങ്ങളില്‍ അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ വിട്ടുനിന്ന വ്യക്തിയാണ് ബിനു എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വെറും ആഴ്ചകള്‍ക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ തന്നെ പുതിയ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നതാണ് എതിര്‍ക്കുന്നവരുടെ നിലപാട്.
അതേസമയം, അബിന്‍ വര്‍ക്കിയെ ഒഴികെ മറ്റൊരാളെ പരിഗണിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ രണ്ടാമത് എത്തിയ അബിന്‍ വര്‍ക്കിയെ പരിഗണിക്കുക നീതിപൂര്‍ണമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ സാമുദായിക സമവാക്യങ്ങളാണ് അബിന്‍ വര്‍ക്കിക്ക് വെല്ലുവിളി. കെ.പി.സി.സി, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രസിഡന്റുമാര്‍ എല്ലാം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നായിരിക്കുമെന്ന സാഹചര്യം പ്രതികൂലമായി മാറുന്നു.
അതേസമയം, മുന്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന് എ ഗ്രൂപ്പ് ശക്തമായ പിന്തുണയുണ്ട്. എം.കെ രാഘവന്‍ എംപി അദ്ദേഹത്തിനായി രംഗത്തെത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട അഭിജിത്തിനെ ഉടന്‍ പരിഗണിക്കാമെന്ന ഉറപ്പാണ് മുമ്പ് നല്‍കിയിരുന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന അവസരം ആ ഉറപ്പ് പാലിക്കാനുള്ള സമയമാണെന്ന് എം.കെ രാഘവന്‍ വ്യക്തമാക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ നേതൃത്വം ഒരുങ്ങുകയാണ്.
Tag: Youth Congress leaders tussle for new president; Senior leaders put forward nominees