മന്ത്രിസഭായോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

മന്ത്രിസഭായോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് ഉള്ളിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കനത്ത സുരക്ഷാക്രമീകരങ്ങൾ ലംഘിച്ച് മൂന്നു പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ വരെ എത്തി. മുദ്രാവാക്യം മുഴക്കി ഇരച്ചെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്ത സാഹചര്യത്തിൽ ശിവശങ്കരനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും, മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ ശിവശങ്കറിന്റെ ചോദ്യംചെയ്യലിനൊടുവിൽ പുലർച്ചെ 2.15യ്ക്കുശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിച്ചത്. ചോദ്യം ചെയ്യലിൽ പല നിർണായക വിവരങ്ങളും ശിവശങ്കറിൽ നിന്ന് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സ്വപ്ന സഹപ്രവർത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവർഷായി സ്വപ്നയെ അറിയാമെന്നും, അവരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ശിവശങ്കർ പറഞ്ഞു. അതേസമയം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.