CrimeKerala NewsLatest NewsUncategorized

അപ്പാർട്ട്മെന്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ അപ്പാർട്ട്മെന്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് സ്ത്രീകളടക്കം നാല് പേരെ പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

ഞായറാഴ്ച രാവിലെയാണ് കരമന നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ വലിയശാല സ്വദേശിയായ കൈമനം ആഴാംകല്ല് കൃഷ്ണനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വൈശാഖി(34)ന്റെ മൃതദേഹം കണ്ടെത്തിയത്. കിള്ളിപ്പാലം സൂപ്പർ പ്രേം റസിഡൻസി എന്ന അപ്പാർട്ട്മെന്റിലാണ് സംഭവം. ബാൽക്കെണിയിലാണ് മൃതദേഹം കണ്ടത്.

സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വൈശാഖിന് വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് കൊലപാതകമെന്നാണ് കരുതുന്നത്. വൈശാഖും സുഹൃത്തുക്കളും ചേർന്ന് ഈ അപ്പാർട്ട്മെന്റിൽ മുറിയെടുത്തിരുന്നു. തുടർന്ന് മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പോലീസ് പറയുന്നത്.

രണ്ട് സ്ത്രീകൾ വൈശാഖിന്റെ അപ്പാർട്ട്മെന്റിലേക്ക് കയറി പോകുന്നതു കണ്ടെന്ന് സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ ഒരാളുടെ പേരിലാണ് മുറിയെുത്തിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്.

തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭസംഘമാണ് സംഭവത്തിനു പിന്നിലെന്നും സൂചനയുണ്ട്. കരമനയിലെ ചില കേന്ദ്രങ്ങളിൽ പെൺവാണിഭസംഘങ്ങൾ പ്രവർത്തിക്കുന്നെന്ന നിരവധി പരാതികൾ റഡിഡന്റ്‌സ് അസോസിയേഷനുകളും സംഘടനകളും നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button