വിജയ് പി. നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു

തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി. നായരുടെ അക്കൗണ്ട് ഡിലീറ്റാക്കുകയും വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. സൈബർ സെല്ലിൻറെ നിർദേശത്തെ തുടർന്ന് യൂട്യൂബാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. മറ്റാരെങ്കിലും ഈ വീഡിയോ അപ് ലോഡ് ചെയ്യുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച കല്ലിയൂരിലെ വീട്ടിൽ നിന്നും മ്യൂസിയം പോലീസ് വിജയ് പി. നായരെ അറസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലൂടെ അശ്ലീല പരാമർശം നടത്തിയതിനെതിരെ സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 509 പ്രകാരവും, കേരള പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരവുമാണ് വിജയ് പി.നായർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തിട്ടുള്ളത്. പിന്നീട് വനിതാസംഘം നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 354 പ്രകാരം ഇയാൾക്കെതിരേ തമ്പാനൂർ പോലീസും കേസെടുത്തിട്ടുണ്ട്. യുട്യൂബ് ചാനലിലെ വീഡിയോയെ സംബന്ധിച്ച് ചോദിക്കാൻ ചെന്ന തങ്ങളെ വിജയ് പി. നായർ അപമാനിച്ചു എന്ന് കാണിച്ച് വനിതകൾ നൽകിയ പരാതിയിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.