വണ്ടിപ്പെരിയാര്‍ കേസിലെ മൗനം: പൃഥ്വിരാജിന് ഏത്തപ്പഴവും മെഴുകുതിരിയും പാഴ്‌സല്‍ അയച്ച് യുവമോര്‍ച്ച
തൃശൂര്‍: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിക്കാത്ത സാംസ്കാരിക സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയകളില്‍ ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി വിഷയത്തില്‍ പ്രതികരിക്കാത്ത നടന്‍ പൃഥ്വിരാജിന് പ്രതിഷേധ സൂചകമായി കത്തയച്ച് യുവമോര്‍ച്ച മണലൂര്‍ മണ്ഡലം കമ്മിറ്റി. പ്രസിഡന്റ് വിശാഖ് കെ എസ് ആണ് പൃഥ്വിരാജിന് കത്തയച്ചിരിക്കുന്നത്.
വിഷയത്തില്‍ തെരുവില്‍ മെഴുകുതിരിയുമായി പ്രതിഷേധിക്കാന്‍ സ്ത്രീപക്ഷ സംഘടനകളോ സിനിമാതാരങ്ങളുടെ പോസ്റ്റുകളോ ഇല്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് യുവമോര്‍ച്ച വ്യത്യസ്ത രീതിയില്‍ പ്രതിഷേധം നടത്തിയത്. പൃഥ്വിരാജിനയച്ച കത്തിനൊപ്പം യുവമോര്‍ച്ച മണലൂര്‍ മണ്ഡലം വിശാഖ് കെ എസ് മെഴുകുതിരിയും നേന്ത്രപ്പഴവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിഷയങ്ങളില്‍ നിമിഷ നേരം കൊണ്ട് പ്രതികരിക്കുന്ന സാംസ്കാരിക നായകര്‍ വിഷയത്തില്‍ ഒന്നും ഉരിയാടാത്ത സാഹചര്യത്തിലാണ് ഈ പ്രതിഷേധമെന്ന് വിശാഖ് കെ എസ് വ്യക്തമാക്കി.
‘നമസ്കാരം, താങ്കളെ ഒരു കാര്യം ഓര്‍മപ്പെടുത്താനാണീ കത്ത്. കുറച്ച് ദിവസം മുന്‍പ് നമ്മുടെ കേരളത്തിലെ വണ്ടിപ്പെരിയാറില്‍ ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായ പീഡനത്തിനുശേഷം അര്‍ജുന്‍ എന്ന മൃഗം ആ കുഞ്ഞിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത് നിങ്ങളും അറിഞ്ഞിരിക്കുമല്ലോ? അതിനെതിരെ ഈ നിമിഷം വരെയുള്ള നിങ്ങളുടെ മൗനം ലജ്‌ജാകരമാണ്’ – എന്നാണു കത്തില്‍ വ്യക്തമാക്കുന്നത്.