വംശീയാധിക്ഷേപം; ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പിന്തുണയുമായി യുവരാജ് സിങ്.
യൂറോ കപ്പ് ഫൈനലില്‍ കിരീടം നഷ്ടമായതോടെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഇംഗ്ലണ്ട് ടീമിന്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ കൂടുതലും ഉയരുന്നത് ടീമിലെ കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ക്കെതിരെയുള്ള വംശീയാധിക്ഷേപമാണ്. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജെയ്ഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്കെതിരെയാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഒരു കൂട്ടം ഇംഗ്ലണ്ട് ആരാധകര്‍ വംശീയാധിക്ഷേപം നടത്തുന്നത്.
സംഭവം വലിയ വിവാദമായതോടെ വംശീയാധിക്ഷേപം നേരിട്ട താരങ്ങള്‍ക്ക് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ താരങ്ങള്‍ക്ക് പിന്തുണയും ആയി വരുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുവരാജ് സിങാണ്.
”എന്റെ കരിയറില്‍ നിരവധി ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട് എന്നാല്‍ ഒരു ടീമെന്ന നിലയില്‍ ജയത്തിലും തോല്‍വിയിലും ഒരുമിച്ചു നില്‍ക്കുക എന്നതാണ് പ്രധാനം. ദൗര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ട് തോറ്റു. ഇറ്റലി അന്നേ ദിവസം മികച്ച പ്രകടനം നടത്തിയത് കൊണ്ട് അവര്‍ ജയിച്ചു. ഇംഗ്ലണ്ട് ടീം താരങ്ങള്‍ക്ക് നേരിട്ട വംശീയാധിക്ഷേപം വളരെ വിഷമമുണ്ടാക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് സ്‌പോര്‍ട്‌സിന്റെ ലക്ഷ്യം അല്ലാതെ മറ്റുള്ളവരില്‍ വെറുപ്പ് ഉളവാക്കാനല്ല എന്നോര്‍ക്കണം’-യുവരാജ് സിങ് പറഞ്ഞു. താരം തന്റെ പിന്തുണ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഫുട്ബോള്‍ ക്രിക്കറ്റ് താരങ്ങളെ ഇതാദ്യമല്ല വംശീയപരമായി തരം താഴ്ത്തുന്നത്.ക്ലബ്ബ് ഫുട്ബോളില്‍ റഹിം സ്റ്റെര്‍ലിങ്ങിനെതിരേ വംശീയാധിക്ഷേപമുണ്ടായത് വലിയ ചര്‍ച്ചയായിരുന്നു. പോള്‍ പോഗ്ബ, എംബാപ്പെ, ബലോറ്റെലി തുടങ്ങിയവരെല്ലാം ഇത്തരം വംശീയ വെറിക്ക് ഇരയായവരാണ്.
കളത്തിലെ വര്‍ണവെറിക്കെതിരേ ‘ബ്ലാക് ലൈവ്സ് മാറ്റര്‍’ പോലുള്ള വലിയ ക്യാംപെയ്നുകള്‍ നടന്നിട്ടും ഇതിന് മാറ്റമുണ്ടാവുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും അരങ്ങേറുന്ന ഇത്തരം സംഭവങ്ങള്‍. വംശീയമായി അധിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ എത്രയും വേഗം കൈമാറാനുള്ള നടപടികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കാനാണ് സാധ്യത.