താന്‍ തെറ്റ് ചെയ്തിട്ടില്ല; നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കുണ്ടറ പീഡന കേസ് പ്രതി.
കൊല്ലം: നുണപരിശോധനയ്ക്ക് ഉള്‍പ്പെടെ സന്നദ്ധനാണെന്ന് കുണ്ടറ പീഡനക്കേസിലെ പ്രതി പത്മാകരന്‍. പീഡന പരാതി വിവാദമായതോടെയാണ് തന്റെ നിലപാട് മുഖ്യമന്ത്രിയോട് ഇ-മെയില്‍ കത്തിലൂടെ പത്മാകരന്‍ അറിയിച്ചത്.
ഒരിക്കല്‍പ്പോലും പരാതിക്കാരിയായ പെണ്‍കുട്ടിയെ താന്‍ നേരില്‍ കണ്ടിട്ടില്ലെന്നാണ് പ്രതിയുടെ വാദം. അതേസമയം പത്മാകരന്റെ ഭാഗത്തുനിന്ന് ആദ്യമായി ഉണ്ടാകുന്ന പ്രതികരണമാണിത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും
ആരോപിതനായതിനാല്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും സന്നദ്ധനാണെന്നും കത്തില്‍ പറയുന്നു.
യുവതി ഇത് ആദ്യമായല്ല ഇത്തരം ആരോപണം നടത്തുന്നതെന്നും മറ്റ് പല ആളുകള്‍ക്കെതിരയും സമാന രീതിയില്‍ പെണ്‍കുട്ടി പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതിനാല്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പരാതികാരിക്ക് പിന്തുണയുമായി രാഷ്ട്രീയ പ്രമുഖര്‍ തന്നെ രംഗത്ത് വന്നിരുന്നു.
എന്നാല്‍ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ദിവസം യുവതി നല്‍കിയ മൊഴി വിശദമായി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനുമാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ പത്മാകരന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസം പത്മാകരനെ എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.