Kerala NewsLatest NewsNews

‘ക്ലിഫ് ഹൗസിലെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ ബാധകമല്ലേ? പിണറായി സ്ഥല ജല വിഭ്രാന്തിയിൽ, സൈബര്‍ പോരാളികളുടെ നിലയിലേക്ക് തരം താഴരുത്.ചെന്നിത്തല.

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒറ്റതിരിച്ച് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല.
മുല്ലപ്പള്ളിക്കെതിരെ ഉള്ള അക്രമങ്ങളെ അതേ നാണയത്തിൽ പ്രതിരോധിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളി സ്വയം സൃഷ്ടിച്ച ദുർഗന്ധത്തിന്റെ ഉന്മാദത്തിലാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിണറായി സ്ഥല ജല വിഭ്രാന്തിയിലാണെന്നാ യിരുന്നു ചെന്നിത്തല മറുപടി പറഞ്ഞത്. മുഖ്യമന്ത്രി സൈബര്‍ പോരാളികളുടെ നിലയിലേക്ക് തരം താഴരുതെന്നും ആളുകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പോലെ പദപ്രയോഗങ്ങള്‍ ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.’താമരശ്ശേരി ബിഷപ്പിനെ മുഖ്യമന്ത്രി വിളിച്ചത് നികൃഷ്ട ജീവിയെന്നാണ്.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് വല്ലാതെ രോക്ഷം കൊള്ളുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായി താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അത് തന്റെ രാഷ്ട്രീയശൈലി അല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നയമല്ല. ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ ഒറ്റതിരിച്ച് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.”ബിഷപ്പിനെ നികൃഷ്ടജീവി എന്ന വിളിച്ചിട്ടില്ലേ? പ്രമേചന്ദ്രന്‍ എം.പിയെ പരനാറി എന്ന് വിളിച്ചില്ലേ? മാതൃഭൂമി എഡിറ്റര്‍ ഗോപാലകൃഷ്ണനെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചിട്ടില്ലേ? ചെറ്റ, കുലംകുത്തി തുടങ്ങിയ കോമള സുന്ദരപദങ്ങളാണല്ലോ അദ്ദേഹം ഉപയോഗിക്കാറ്. സ്വാതന്ത്ര്യ സമര സേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെപ്പോലും അധിക്ഷേപിച്ചിട്ടില്ലേ?
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രമ്യാ ഹരിദാസിനെ ഇടതുമുന്നണി കണ്‍വീനര്‍ വാക്കുകള്‍കൊണ്ട് അപമാനിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ധാര്‍മ്മികരോഷം എവിടെയായിരുന്നു. സാരി ഉടുത്തുവരും പക്ഷേ മറ്റേ പണിയാണെന്ന് ഒരു മന്ത്രി പൊതുജനമധ്യത്തില്‍ ഒരു വനിതയെ ആക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രി എവിടെയായിരുന്നു. തിരഞ്ഞെടുപ്പിന് ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചത് ആരാണ്? പെമ്പിളൈ ഒരുമയിലെ വനിതകളെ മമന്ത്രി അശ്ലീലം കൊണ്ട് കുളിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി എവിടെയായിരുന്നു. ഫോണില്‍ ഒരു വനിതയോട് അശ്ലീലം പറഞ്ഞതിന് രാജിവയ്ക്കേണ്ടിവന്ന മന്ത്രിയെ പിന്നീടും പിടിച്ചു കൂടെയിരുത്തി കൊണ്ടാണ് മുഖ്യമന്ത്രി സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പ്രഭാഷണം നടത്തുന്നത്.”- ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നെന്ന വിമർശനത്തെ ക്ലിഫ് ഹൗസിലെ വിവാഹ ചടങ്ങ് ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. “ഈ അടുത്ത കാലത്ത് ഒരു കല്യാണം നടന്നു. ഫോട്ടോ നിങ്ങളൊക്കെ കണ്ടു കാണും. പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഒറ്റ ഫ്രെയിമില്‍ വധുവരന്മാരോടും മാതാപിതാക്കളോടും ഒപ്പം ഒറ്റ ഫ്രെയിമില്‍ തിക്കിത്തിരക്കി നില്‍ക്കുന്നു. ആരും സാമൂഹിക അകലം പാലിച്ചിട്ടില്ല. മാസ്‌ക് പോലും ധരിച്ചിട്ടില്ല. നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമല്ലേ. ” ചെന്നിത്തല ചോദിച്ചു.

കോവിഡ് അവസരമാക്കി പത്തു ചക്രമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. സ്പ്രിങ്ക്ളറും പമ്പയിലെ മണൽ കടത്താനുള്ള നീക്കവും അമിത വൈദ്യുത ചാർജുമെല്ലാം ഇതിന്റെ ഉദാഹരണമാണ്. മഹാ ദുരന്തത്തിനിടയിൽ അഴിമതിക്ക് ശ്രമിച്ച മറ്റൊരു സർക്കാർ ചരിത്രത്തിലുണ്ടായിട്ടില്ല. അഴിമതി കയ്യോടെ പിടിച്ചതിൻറെ പുലഭ്യം പറച്ചിലാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് തരംതാണെന്നും ചെന്നിത്തല ആരോപിച്ചു.
ഗള്‍ഫില്‍ കുടുങ്ങിയ മലയാളികളെ കേന്ദ്രസര്‍ക്കാരിനെകൊണ്ട് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യിച്ച് മടക്കിക്കൊണ്ടുവരാന്‍ മുന്‍കൈ എടുക്കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരാണ്. അവര്‍ ചെയ്തില്ലെന്ന് മാത്രമല്ല, ഗള്‍ഫില്‍ സന്നദ്ധസംഘടനകള്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളെ തടയാന്‍ നീചശ്രമം നടത്തുകയും ചെയ്യുന്നു. പ്രവാസികള്‍ അവിടെക്കിടന്ന് മരിക്കട്ടെ എന്ന നയമാണ് സര്‍ക്കാരിനെന്നും അദ്ദേഹം ആരോപിച്ചു. പത്രസമ്മേളത്തില്‍ അതാത് ദിവസത്തെ പ്രധാന കാര്യങ്ങളൊക്കെ വിട്ടുപോകാതെ പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ചൈനീസ് അതിക്രമത്തെക്കുറിച്ച് പറയാതിരുന്നതെന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ട്വീറ്റ് കണ്ടു. 20 ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗത്തെക്കുറിച്ച് പറയുന്നെങ്കിലും ചൈന എന്ന് പറയാതിരുന്നത് എന്തുകൊണ്ടാണ്? സീതാറം യെച്ചൂരിയും ചൈനയെക്കുറിച്ച് പരമാര്‍ശച്ചില്ല. ഇപ്പോഴും ചങ്കിലെ ചൈന തന്നെ ആണോ?- ചെന്നിത്തല പരിഹസിച്ചുകൊണ്ടാണ് ചോദിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button