സെക്രട്ടറിയേറ്റിൽ നാടകീയ രംഗങ്ങൾ, തീപിടിത്തം രാഷ്ട്രീയ വിവാദമായി, മാധ്യമങ്ങളെ ചീഫ് സെക്രട്ടറി നേരിട്ടെത്തി പുറത്താക്കി.

തിരുവനന്തപുരം∙സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ വിഭാഗം, പ്രോട്ടോകോൾ വിഭാഗം എന്നിവ പ്രവർത്തിക്കുന്ന ഓഫിസിൽ ചൊവാഴ്ച വൈകിട്ട് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നാടകീയ രംഗങ്ങൾ ആണ് അരങ്ങേറിയത്. പ്രോട്ടോകോൾ വിഭാഗത്തിന്റെ ഫയലുകൾ സൂക്ഷിച്ചിരുന്ന ഓഫീസിൽ തീപിടുത്തം 4.45ഓടെയാണ് ഉണ്ടായത്. പ്രോട്ടോകോൾ വിഭാഗവുമായി ബന്ധപെട്ടു സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന അന്വേഷണ ഏജൻസികൾ ചില വിശദീകരങ്ങൾ നേരത്തെ ആവശ്യപെട്ടിരുന്ന സാഹചര്യത്തിൽ ഉണ്ടായ തീപിടുത്തം ദുരൂഹതയും, സംശയവും ഉണ്ടാക്കുന്നതിനിടെയാണ് തീപിടിത്തത്തെ തുടർന്ന് നാടകീയ രംഗങ്ങൾ സെക്രട്ടേറിയറ്റിൽ അരങ്ങേറിയത്.

രേഖകളെല്ലാം സുരക്ഷിതമാണെന്ന് വെളിപ്പെടുത്താൻ രംഗത്തെത്തിയ ചീഫ് സെക്രട്ടറി, മാധ്യമങ്ങളെ നേരിട്ടെത്തി പുറത്താക്കുകയായിരുന്നു. അഗ്നിബാധയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറയുകയുണ്ടായി.
സെക്രട്ടേറിയറ്റിനു അകത്തേക്ക് കടത്തിവിടണമെന്ന് സ്ഥലം എംഎൽഎ വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. തീപിടിത്തത്തിൽ ദുരൂഹതയുള്ളതിനാലാണ് ആരെയും അകത്തേക്കു പ്രവേശിപ്പിക്കാത്തതെന്ന് ശിവകുമാർ തുടർന്ന് ആരോപിച്ചു. ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടെങ്കിലും അകത്തേക്കു പോകാൻ അനുവാദം ലഭിക്കാത്തതിനെത്തുടർന്ന് ശിവകുമാറും വി.ടി.ബൽറാമും അടക്കമുള്ള നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയറ്റിനു പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.
അഗ്നിബാധ ആസൂത്രിതമാണെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിട്ടുണ്ട്. തീപിടുത്തം ആസൂത്രിതമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ ആരോപിച്ചത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന ഭയമാണ് ഇതിന് പിന്നിലെന്ന് സുരേന്ദ്രൻ ആരോപിച്ചു. മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ഈ തീപിടുത്തത്തിന് പിന്നിലെന്നും ഇടി മിന്നലില്‍ സിസിടിവിക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് നേരത്തെ പറഞ്ഞതും അട്ടിമറി ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതിനിടെ, കെ. സുരേന്ദ്രനെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതാണ് കാണാനായത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വി.വി.രാജേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയശേഷം കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽനിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനടയിലാണ് ചീഫ് സെക്രട്ടറി കന്റോൺമെൻറ് ഗേറ്റിനടുത്തെത്തുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസും അപ്പോഴേക്കും എത്തിയിരുന്നു. ബിജെപി പ്രവർത്തകരെ എന്തിനാണ് അറസ്റ്റു ചെയ്യുന്നതെന്നു വ്യക്തമാക്കണമെന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി പുറത്തുപോകാൻ നേതാക്കളോടും മാധ്യമപ്രവർത്തകരോടും അപ്പോൾ ആവശ്യപ്പെടുകയായിരുന്നു. കന്റോൺമെന്റ് ഗേറ്റിനു പുറത്ത് വച്ചാണ് ചീഫ് സെക്രട്ടറി മാധ്യമങ്ങളെ കാണുന്നത്. സെക്രട്ടേറിയറ്റിന് അകത്തു എല്ലാവരും കയറിയാൽ ശരിയാകില്ലെന്നും മര്യാദ പാലിക്കണമെന്നും പറഞ്ഞ ചീഫ് സെക്രട്ടറി, നാളെ തന്റെ ഓഫിസിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും ആളുകൾ തള്ളിക്കയറുന്ന സാഹചര്യം ഉണ്ടാകും. അതു അനുവദിക്കാനാകില്ല എന്നാണു പറഞ്ഞത്.
അഗ്നിബാധയെപ്പറ്റി അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരം ഒരു നീക്കം നടത്തുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നൽകാതിരിക്കെ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംഭവസ്ഥലം കാണുന്നതിനെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ പോലും പോലീസ് തടയുകയാണ്
ഉണ്ടായത്. ഇതിനിടെയാണ് ചീഫ് സെക്രട്ടറി നേരിട്ടെത്തി പത്രലേഖകരെ പുറത്താക്കുന്നത്.