മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

ഡൽഹിയിലെ റിസർച്ച് ആൻഡ് റഫറൽ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിൽ മുൻ രാഷ്ട്രപതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നതാണ്.
വലിയതോതിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞിട്ടുള്ളത്. 84കാരനായ മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്‌ടർമാരുടെ സംഘം രൂപീകരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി, വിവിധ കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പ്രണബ്‌മുഖർജിക്ക് ആയുരാരോഗ്യം നേർന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും പ്രണബ് മുഖർജിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തിരുന്നു.