അരക്കോടി കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 90,123 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ അരക്കോടി കടന്നു. 50,20,360 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം 39,42,361 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പതിമൂന്ന് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം നാൽപ്പത് ലക്ഷത്തിൽ നിന്ന് അൻപത് ലക്ഷത്തിലേക്ക് ഉയർന്നത്. രാജ്യത്തെ ആകെ രോഗികളുടെ 53% മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങി നാല് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. 78.5% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഒറ്റദിവസത്തിനിടെ 1290 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 82,066 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്.