
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐ പി എല്‍ ക്രിക്കറ്റിനുള്ള ഒരുക്കങ്ങല്‍ക്കായി ചെന്നൈയിലെത്തിയ ധോണി ഇന്‍സ്റ്റഗ്രാമിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അറിയിക്കുന്നത്. ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ധോണി മടങ്ങിവരുമെന്ന പ്രതീക്ഷയിൽ ആരാധകർ കാത്തിരിക്കുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഇതുവരെ നിങ്ങള്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചുവെന്ന് മനസിലാക്കുക – ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരമാണ് ധോണിയുടെ രാജ്യാന്തര തലത്തിലെ അവസാന മത്സരം. 2004 ഡിസംബറിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യക്ക് വേണ്ടി ഏകദിന, ട്വന്റി, ചാമ്പ്യന്‍സ് ട്രോഫികള്‍ നേടിയ ധോണി ടെസ്റ്റില്‍ ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച നായകനാണ്.