Kerala NewsLatest NewsLaw,Local NewsNationalNews

കേന്ദ്രസേന വരും മുൻപ് മുളന്തുരുത്തി പള്ളി ഏറ്റെടുത്തു, പൊലീസ് ഗേറ്റ് പൊളിച്ച് അകത്തേക്ക് കടന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി യാക്കോബായ പള്ളി അസാധാരണ നടപടിയിലൂടെ എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. വെളുപ്പിന് അഞ്ചു മണിയോടെ തന്നെ പള്ളിയിൽ പോലീസുമായെത്തിയെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കൽ നടപടി ഉണ്ടായത്. മുളന്തുരുത്തി യാക്കോബായ പള്ളിയിലേക്കുള്ള വഴികൾ പോലീസ് അതിനു മുൻപ് തന്നെ അടച്ചിരുന്നു. കനത്ത പോലീസ് സന്നാഹത്തെ രാത്രി മുതൽ തന്നെ പള്ളിക്കു സമീപം വിന്യസിച്ചിരുന്നു. ഏറ്റെടുക്കൽ നടപടി അറിഞ്ഞു കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്താനുള്ള സാധ്യത കണക്കിലെടുത്താണ് വഴികൾ അടച്ചിരുന്നത്. ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് പിന്നീട് വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കുകയാണ് ഉണ്ടായത്.

പള്ളിക്കകത്ത് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ഉപവാസ പ്രാര്‍ഥനായ‍ജ്ഞം തുടരുകയായിരുന്ന യാക്കോബായ സഭാംഗങ്ങളെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു പിന്നെ. ചര്‍ച്ച നടക്കുന്നതിനിടെ പുലര്‍ച്ചെ അഞ്ചു മണിയോടെ പെട്ടെന്നാണ് പൊലീസ് നടപടി ഉണ്ടായത്. വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പോലീസ് നടപടിയിൽ പരുക്കുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മുന്‍നിരയില്‍ മെത്രാപ്പോലീത്തമാര്‍ പ്രതിരോധിച്ചുകൊണ്ടു രംഗത്തുണ്ടായിരുന്നു. പ്രതിഷേധത്തിന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് ആണ് നേതൃത്വം നല്‍കിയത്. പോലീസും, വൈദികരും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. ബലപ്രയോഗത്തിലൂടെയാണ് മെത്രാപ്പോലീത്തമാരെയും, വൈദികരെയും, വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്. ഹൃദ്രോഗിയായ മാര്‍ പോളികാര്‍പോസിനെ പോലീസ് മര്‍ദിച്ചെന്ന് വിശ്വാസികൾ ആരോപിക്കുന്നുണ്ട്. ഐസക് മാര്‍ ഒസ്താത്തിയോസിനെ വലിച്ചിഴച്ചെന്ന് കുര്യാക്കോസ് മാര്‍ തെയോഫിലോസ് ആരോപിച്ചു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കാന്‍ ഇതിനു മുൻപ് പൊലീസ് എത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് പിന്മാറേണ്ടിവന്നു. ഓര്‍ത്തഡോക്സ് സഭ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും, സംഘർഷ സാധ്യത കണക്കിലെടുത്ത് സർക്കാർ നടപടികൾ നീട്ടികൊണ്ടുപോവുകയാണ് ഉണ്ടായത്. തുടർന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സേനയുടെ സഹായം തേടുന്നത് സംബന്ധിച്ചു ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം ആരായുന്നത്.


വിധി നടപ്പിലാക്കാൻ ആവുന്നില്ലെങ്കിൽ കേന്ദ്ര സേന ഇടപെട്ടു വിധി നടപ്പിലാക്കുന്നത് സർക്കാർ നോക്കിനിന്നു കണ്ടാൽ മതിയെന്നുവരെ ഹൈക്കോടതി പറഞ്ഞിരുന്നതാണ്. തുടര്‍ന്നാണ് പൊലീസ് തിങ്കളാഴ്ച അതിരാവിലെ പള്ളിക്കകത്തേക്ക് പോലീസ് നടപടിക്കായി കടക്കുന്നത്. കോടതി നല്‍കിയ സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ജില്ലാഭരണകൂടം പള്ളി ഏറ്റെടുക്കാന്‍ തയ്യാറാകുന്നത്.

തർക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസിൽ കഴിഞ്ഞ വർഷമാണ് ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വരുന്നത്. 1934 ലെ ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്ന് പള്ളിക്കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിടുക യായിരുന്നു.
പളളിയുടെ 67ലെ ഭരണഘടന ഇതോടെ കോടതി അസാധുവാ ക്കുകയും ചെയ്തു. 1967 മുതൽ സ്വന്തം ഭരണഘടന പ്രകാരമാണ് മുളന്തുരുത്തി പള്ളി ഭരിച്ചിരുന്നത്. നിലവിൽ പള്ളി യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.
മുളന്തുരുത്തി പളളി തർക്ക കേസിൽ വിധി നടപ്പാക്കാൻ സിആർപിഎഫിനെ വിന്യസിക്കാമോയെന്നാണ് ഹൈക്കോടതി സർക്കാരിനോട് ഒടുവിൽ ആരാഞ്ഞിരുന്നത്. ഈവിധി നടപ്പിലാക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ഒരാഴ്ചക്കകം പള്ളി ഏറ്റെടുക്കണം എന്ന ഹൈക്കോടതി വിധി പോലും പരിഗണനക്കെടുക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും, പ്രളയവും കൊറോണയും മൂലം മൂന്ന് മാസം കൂടി സമയം വേണമെന്ന സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഹൈക്കോടതി ഒടുവിൽ പറയുന്നത്.
നേരത്തെ തർക്കത്തിലിരിക്കുന്ന മുളന്തുരുത്തി പള്ളി അടക്കമുള്ള പള്ളികൾ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഓർത്തഡോക്‌സുകാർ പള്ളിയിൽ പ്രാർത്ഥന നടത്താൻ പല വട്ടം എത്തിയെങ്കിലും,അവരെ യാക്കോബായക്കാർ തടയുകയായിരുന്നു. പൊലീസും സംഭവത്തിൽ ഇടപെട്ടതോടെ വീണ്ടും വിഷയത്തിൽ കോടതി ഇടപെട്ടാണ്,ഒരാഴ്ചക്കകം പള്ളി ഏറ്റെടുക്കണം എന്ന ഉത്തരവ് പുറപ്പെടുവിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button