സരിത്തും, സ്വപ്നയും, സന്ദീപും, സ്വർണ്ണ കള്ളക്കടത്ത് നടത്തുന്നതായി ശിവശങ്കറിന് അറിയാമായിരുന്നു, ശിവശങ്കറിന് എൻ ഐ എ യുടെ ക്‌ളീൻ ചീറ്റ് ഉണ്ടാവില്ല.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബ്യാഗ് വഴി സരിത്ത്,സ്വപ്ന, സന്ദീപ് എന്നിവർ സ്വർണ്ണ കള്ളക്കടത്ത് നടത്തുന്നതായും, നടത്തിവരുന്നതായും ഉള്ള വിവരം മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്
അറിയാമായിരുന്നു എന്ന് എൻ ഐ എ. എം ശിവശങ്കര്‍ നിരപരാധിയോ ഗൂഡാലോചനയുടെ ഇരയോ അല്ല. പ്രതികൾ സ്വർണക്കടത്ത് നടത്തുന്നത് ശിവശങ്കറിന് അറിയാമായിരുന്നു. ചോദ്യം ചെയ്യലിൽ ശിവശങ്കരൻ പറഞ്ഞ മറുപടികൾ ഏജൻസി പൂർണമായും വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎ അതുകൊണ്ടു തന്നെ ക്ലീൻ ചീട്ട് നൽകിയിട്ടില്ല. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ശിവശങ്കർ ഹാജരാക്കണമെന്നും അന്വേഷണം സംഘം വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാനുണ്ടെന്ന് ആണ് ശിവശങ്കർ എൻ ഐ എ യെ അറിയിച്ചിട്ടുള്ളത്. തനിക്കറിവുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്നും ശിവശങ്കർ പറഞ്ഞിട്ടുണ്ട്. ശിവശങ്കറിനെ സാക്ഷിയാക്കുന്ന കാര്യത്തെ പറ്റി തീരുമാനമെടുക്കുന്ന ഒരു സാഹചര്യവും ഉണ്ടായിട്ടില്ല.
അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബാബാ അബേദ്ക്കർ ടെക്നിക്കൽ സർവകലാശാല അറിയിക്കുകയുണ്ടായി. സർവകാലാശ ബി.കോം കോഴ്സ് നടത്തുന്നില്ല. സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർഥിനി സർവകലാശാലയിൽ പഠിച്ചിട്ടില്ല. സർവകലാശാല രജിസ്ട്രാർ തിരുവനന്തപുരം കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമീഷണർക്ക് നൽകിയ കത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സർവകലാശാല രജിസ്ട്രാറുടെ മറുപടിയെ തുടർന്ന്, സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് എന്‍.ഐ.എ കോടതിയുടെ അനുമതി ലഭിച്ചു. വ്യാജ ബിരുദ കേസില്‍ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കന്‍റോൺമെന്‍റ് പൊലീസ് എന്‍.ഐ.എ കോടതിയില്‍ നൽകിയ അപേക്ഷയിലാണ് നടപടി. കസ്റ്റംസ് കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ പോലീസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതാണ്.
ഇതിനിടെ തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് അന്വേഷിക്കുന്ന കേസിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സി.ഐ ഉൾപ്പെടെ സമ്പർക്കത്തിലുള്ള മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ പോയി.