ശമ്പള കമ്മിഷൻ റിപ്പോർട്ട് ഡിസംബറിനുള്ളിൽ സമർപ്പിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ നിയോഗിച്ച 11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ട് ഡിസംബറിനുള്ളിൽ സമർപ്പിക്കും. ഡിസംബർ 31നാണ് കമ്മിഷന്റെ കാലാവധി പൂർത്തിയാകുക. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കമ്മീഷൻ ഇനി സർക്കാരിനെ സമീപിക്കില്ല. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത് അടക്കമുള്ള നടപടികൾ കമ്മിഷൻ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
വകുപ്പു സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ച പകുതിയിലെത്തുമ്പോഴാണ് കോവിഡ് കാരണമുള്ള ട്രിപ്പിൾ ലോക്ഡൗൺ ഉണ്ടാവുന്നത്. ലോക്ഡൗൺ പിൻവലിച്ചതോടെ സർവീസ് സംഘടനകളുമായി ഗൂഗിൾ മീറ്റ് വഴി ചർച്ച തുടങ്ങി. 22ന് ഇതു പൂർത്തിയാകും. തുടർന്ന് വകുപ്പു മേധാവികളുമായുള്ള ചർച്ച പുനരാരംഭിക്കും. ചർച്ചയ്ക്കു സമാന്തരമായി റിപ്പോർട്ട് തയാറാക്കലും ഇപ്പോൾ പുരോഗമിക്കുകയാണ്.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയ മുൻ സെക്രട്ടറി കെ. മോഹൻദാസ് അധ്യക്ഷനും എം.കെ. സുകുമാരൻ നായർ, അശോക് മാമ്മൻ ചെറിയാൻ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ കഴിഞ്ഞ നവംബറിലാണു നിലവിൽ വന്നത്. ഡിസംബറിൽ റിപ്പോർട്ട് ലഭിച്ചാൽ പരിശോധനയ്ക്കായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാനിരിക്കുകയാണ്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. അതിനു മുൻപ് ഫെബ്രുവരിയിൽ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച് ശമ്പള പരിഷ്കരണം പ്രഖ്യാപിക്കാനാകും. പതിവു പോലെ ശമ്പളവും പെൻഷനും മറ്റു ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിന്റെ അധികച്ചെലവ് അടുത്ത സർക്കാർ വഹിക്കണം.