Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

ഉപ്പുതിന്നവർ നെഞ്ചോട് ചേർത്തവർ വെള്ളം കുടിക്കുന്നു.

ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പറഞ്ഞത്. പുകമറക്ക് അൽപായുസ് മാത്രം; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ അന്വേഷണം പൂർത്തിയായി സത്യം ഉടൻ പുറത്തു വരുന്നതോടെ ഇത് ബോധ്യമാകും; സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു വേവലാതിയുമില്ല, വേവലാതി മറ്റ് ചിലർക്കാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികൾ എല്ലാം പിടിക്കപ്പെടട്ടെ. തെറ്റ് ചെയ്തവർക്ക് വലിയ വേവലാതി തുടങ്ങിയിട്ടുണ്ട് തെറ്റ് ചെയ്‌തിട്ടുള്ള ഒരാളെയും സർക്കാർ സംരക്ഷിക്കില്ല. ഉപ്പു തിന്നവരെ പറ്റി മുഖ്യമന്ത്രി ഇങ്ങനെയും പറഞ്ഞു.

ഇപ്പോഴിതാ കഥയാകെ മാറി. താൻ നെഞ്ചോട് ചേർത്തവർ തന്നെയാണ് ഉപ്പു തിന്നവരെന്നു അന്വേഷണ ഏജൻസികൾ
കണ്ടെത്തുമ്പോൾ, ഉപ്പു തിന്നവരെ രക്ഷിക്കാനാണ് സർക്കാരും, സി പി എമ്മും ശ്രമിക്കുന്നത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനും, മന്ത്രി പുത്രനും, എന്തിനു ഒരു സംസ്ഥാന മന്ത്രിക്കു പോലും സുരക്ഷാ കവചം ഒരുക്കേണ്ട അവസ്ഥയിലാണ് പാർട്ടിയും സർക്കാരും. ഇതിനായാണ് അന്വേഷണ ഏജൻസികൾക്കെതിരേ പാർട്ടി സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പോലും ഉണ്ടായിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ബംഗളൂരു മയക്കുമരുന്നു കേസിലും, സ്വർണക്കടത്തിലും, ബിനാമി ഇടപാടുകളിലും ചോദ്യം ചെയ്യലിനു വിധേയനായതിനു പിറകെ മന്ത്രി പുത്രന്റെ റോൾ പുറത്ത് വന്നിരിക്കുന്നത്. മന്ത്രി ഇ പി ജയരാജന്റെ മകൻ ജയ്‌സൺ നടത്തിയ ഇടപാടുകളാണ് പുതിയതായി പുറത്തു വന്നിരിക്കുന്നത്. ലൈഫ് മിഷനിലെ കോടികളുടെ കമ്മീഷൻ കൈക്കലാക്കിയവരിൽ പ്രധാനീ ജെയ്സൺ ആണെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരായ അരുൺ വർഗീസ്, ടി അമീർ കണ്ണ് റാവുത്തർ എന്നിവരുമായി ബിനീഷ് കോടിയേരിക്ക് അടുത്തബന്ധമുണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻസിൽ ഡയറക്ടറല്ലെങ്കിലും ബിനീഷിന് സ്ഥാപനത്തിൽ നിക്ഷേപം ഉള്ളതായാണ് എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജിന്റെ മറവിൽ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. ഇത്തരത്തിൽ കൊണ്ടുവരുന്ന ബാഗേജുകൾ നേരേ യു.എ.എഫ്.എക്സ് ഓഫീസിലേക്കാണ് കൊണ്ടുപോയിരുന്നതെന്നും എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിരുന്നു.

സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രമടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു വരുകയാണിപ്പോൾ. മയക്കുമരുന്നു കേസിലും, സ്വർണക്കടത്തിലും, ബിനാമി ഇടപാടുകളിലും ഒക്കെ ഉന്നതബന്ധമാണ് ഒരുനാളും സ്ഥിരീകരിക്കപ്പെടുന്നത്. കോടിയേരിയുടെ മകനെ മാത്രം ടാർജറ്റ് ചെയ്യേണ്ടെന്ന മട്ടിലാണ് കൂട്ടുകച്ചവടം നടത്തിയ മന്ത്രിപുത്രനെ കുറിച്ചുള്ള വിവരങ്ങൾ മറ്റുചിലർ പുറത്തു വിട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളിൽ പതറി നിൽക്കുന്ന സിപിഎം കണ്ണൂർ ലോബിയെ ഒതുക്കാൻ മന്ത്രി തോമസ് ഐസക്കടക്കം ഉള്ള ചിലരാണ് പുതിയ ബോംബ് പൊട്ടിച്ചിരിക്കുന്നത്. ലൈഫ്മിഷനിലെ നാലു കോടിയുടെ കമ്മീഷൻ ഇടപാട് ആദ്യം പുറത്തു വിട്ടതും തോമസ് ഐസക്ക് തന്നെ.
ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് ജയ്‌സൺ ആണെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർ കണ്ണൂർ സ്വദേശി ജയ്‌സൺ ഉൾപ്പെട്ട വൻകിട ആയുർവേദ റിസോർട്ട് കമ്പനിയുടെ ഡയറക്ടറാണെന്നാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ സംശയിക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്‌സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നതാണ്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരും അടുത്ത സുഹൃത്തുക്കളാണ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ സൗകര്യമൊരുക്കിയതും, യുഎഎഫ്എക്‌സ് സൊല്യൂഷൻസ് ആണെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നതാണ്.
യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ തനിക്ക് ലഭിച്ച കമ്മീഷൻ ആണ് തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ എന്ന് സ്വപ്‌ന സുരേഷ് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിരുന്നതാണ്. യുഎഎഫ്എക്‌സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന് പങ്കെടുത്ത വിവരവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്സൺ നേതൃത്വം നൽകുന്ന കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് സുജാതൻ. പാർട്ടി ശക്തികേന്ദ്രമായ ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് ഈ സ്ഥാപനം ഉള്ളത്. പത്തേക്കർ ഭൂമിയിലുള്ള ഈ സ്ഥാപനത്തിന്റെ നിർമ്മാണത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സിപിഎം നേതാവായ എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ ചെയർമാനായുള്ള ആന്തൂർ നഗരസഭ എല്ലാ ചട്ടങ്ങൾ മറികടന്നാണ് മന്ത്രിപുത്രന്റെ ബിസിനസിനു പച്ചക്കൊടി വീശിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button